രാമപുരം: അങ്ങനെ ആ പ്രശ്നത്തിന് പരിഹാരമാവുന്നു. അടിക്കടിയുള്ള വൈദ്യുതി തടസത്തിൽ രാമപുരം നിവാസികൾ കുറേക്കാലമായി പ്രയാസപ്പെടുകയായിരുന്നു.
രാമപുരം കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് പരിധിയിലെ വൈദ്യുതി ലൈനിലെ മുഴുവൻ ടച്ചിംഗുകളും ഒക്‌ടോബർ 31 ന് മുമ്പ് നീക്കം ചെയ്യാൻ ഇന്നലെ രാമപുരത്ത് ചേർന്ന കെ.എസ്.ഇ.ബി. അധികാരികളുടെയും ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും യോഗത്തിൽ തീരുമാനമായി. റോഡരികിൽ വൈദ്യുതി ലൈനിന് സമീപം മൂന്ന് മീറ്റർ പരിധിക്കുള്ളിൽ നിൽക്കുന്ന മുഴുവൻ മരങ്ങളും മരക്കമ്പുകളും രണ്ട് മാസത്തിനുള്ളിൽ വെട്ടിനീക്കും. ഇത് സംബന്ധിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി ഉടൻ നോട്ടീസ് പ്രസിദ്ധീകരിക്കും.
ടച്ചിംഗ് നീക്കുന്നത് സംബന്ധിച്ച ചുമതല ഒരു സബ് എൻജിനീയറെ ഏൽപ്പിക്കും. ഇതു സംബന്ധിച്ച പുരോഗതി ഓരോ ആഴ്ചയിലും വിലയിരുത്തുമെന്നും കെ.എസ്.ഇ.ബി. പാലാ എക്‌സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇന്നലെ നടന്ന യോഗത്തിൽ നിരവധി പരാതികളാണ് ഉയർന്നത്. രേഖാമൂലമുള്ള പരാതികൾ എക്‌സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണികൃഷ്ണൻ നേരിട്ട് കൈപ്പറ്റി. ഈ പരാതികളിൻമേലുള്ള നടപടികളും എത്രയും വേഗം പൂർത്തിയാക്കും.
കെ.എസ്.ഇ.ബി. ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം
ഇന്നലെ ചേർന്ന യോഗത്തിൽ രാമപുരം സെക്ഷനിലെ ഫോൺകോൾ അറ്റൻഡ് ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. പലപ്പോഴും ഉപയോക്താക്കൾ പരാതി പറയാൻ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും ലാൻഡ് ഫോൺ മാറ്റി വയ്ക്കുകയാണെന്നും വിവിധ പഞ്ചായത്ത് മെമ്പർമാർ കുറ്റപ്പെടുത്തി.
യോഗത്തിൽ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ, മെമ്പർമാരായ കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേൽ, ജോഷി ജോസഫ്, സുശീല മനോജ്, ജയ്‌മോൻ മുടിയാരത്ത്, വിജയകുമാർ, രതി ജയൻ, കോൺഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് സണ്ണി കാര്യപ്പുറം തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയർ യു. ഉണ്ണികൃഷ്ണൻ, അസി. എൻജിനീയർ ബെർളി എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്.