kurupmthara-acdt

കടുത്തുരുത്തി : കോട്ടയം - എറണാകുളം റോഡിലൂടെ അമിതവേഗത്തിൽ വരുന്നവർ കുറുപ്പന്തറ പുളിന്തറ വളവിനെ ഒന്ന് കരുതിയിരിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ മതി നിങ്ങളുടെ ജീവനെടുക്കാൻ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പതിനഞ്ചിലധികം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. പരിക്കേറ്റവർ നൂറിലധികവും. കഴിഞ്ഞ വർഷം 60 ഓളം ചെറുതും വലുതുമായ അപകടങ്ങളാണ് നടന്നത്. എന്നിട്ടും വളവ് നിവർത്താൻ അധികൃതർ താത്പര്യം കാട്ടുന്നില്ല. റോഡ് ആധുനിക നിലവാരത്തിലായതോടെയാണ് അപകടങ്ങളേറിയത്. ഇരുദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് പരസ്പരം കാണുന്നത്. ഒറ്റനോട്ടത്തിൽ അപകട മേഖലയല്ലെന്ന് തോന്നും. കനത്ത മഴയിൽ റോഡ് തെന്നിക്കിടക്കുന്നതും അപകടത്തിനിടയാക്കും. മന്ത്രിമാരടക്കമുള്ളവർക്കും, എം.എൽ.എയ്ക്കും നാട്ടുകാർ നിവേദനം നൽകിയെങ്കിലും വളവ് വളഞ്ഞ് തന്നെയാണ്.

വേണം മുന്നറിയിപ്പ് ബോർഡും, ഹമ്പുകളും

മുന്നറിയിപ്പ് ബോർഡുകളും ഹമ്പുകളും സ്ഥാപിച്ച് അപകടങ്ങൾക്ക് കടിഞ്ഞാണിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേഗനിയന്ത്രണ സംവിധാനവുമില്ല. ഇരുചക്രവാഹന - കാർ യാത്രക്കാർക്കാണ് അപകടഭീഷണിയേറെ. വളവ് വീശി വരുമ്പോൾ റോഡിന് മദ്ധ്യഭാഗത്തോട് ചേർന്ന് എതിർവശത്ത് നിന്നു വരുന്ന വാഹനങ്ങളിൽ ഇടിക്കുകയാണ് പതിവ്. ആദ്യമായി ഇതുവഴി യാത്ര ചെയ്യുന്നവർക്ക് അപകടം പതിയിരിക്കുന്നത് തിരിച്ചറിയാനാകില്ല. വളവിൽ വാഹനങ്ങൾ നിയന്ത്രണം വിടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

പാഴ്‌സൽ ലോറിയും കാറും കൂട്ടിയിടിച്ചു

ഇന്നലെ പുലർച്ചെ പാഴ്‌സൽ ലോറിയും കാറും കൂട്ടിയിടിച്ചു. പരിക്കേറ്റ കാർ യാത്രക്കാരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വളവ് നിവർത്തണമെന്നാവശ്യത്തിന് : 25 വർഷം പഴക്കം

''രാത്രിയിലും പുലർച്ചെയുമാണ് അപകടങ്ങൾ ഭൂരിഭാഗവും നടക്കുന്നത്. ആവശ്യത്തിന് വെളിച്ചവും ഇവിടെയില്ല. മഴയാണെങ്കിൽ വാഹനം നിയന്ത്രണം വിടാൻ സാദ്ധ്യതയേറെയാണ്. എത്രയും പെട്ടെന്ന് അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

-ജോസ്, പ്രദേശവാസി