കോട്ടയം : ഒ.ബി.സി വിഭാഗങ്ങൾക്ക് അർഹമായ പല തസ്തികകളും ക്രിമിലയറിൽ ഉൾപ്പെടുന്നെന്ന കാരണം പറഞ്ഞ് നിഷേധിക്കുകയാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി പറഞ്ഞു. 'സുപ്രീംകോടതി വിധികൾ പട്ടിക വിഭാഗങ്ങൾക്ക് അടിയന്തരാവസ്ഥ' എന്ന വിഷയത്തിൽ ബഹുജൻ സഹോദര്യവേദി തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. തസ്തികകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി സവർണരിലെ ക്രിമിലയർ വിഭാഗത്തിന് നൽകുകയാണ്. പത്ത് ശതമാനം പ്രത്യേക സംവരണമാണ് സവർണരിലെ പാവപ്പെട്ടവർക്ക് അനുവദിച്ചത്. പട്ടിക വിഭാഗത്തിൽ പാവപ്പെട്ടവർക്ക് ഉദ്യോഗം ലഭിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ആ വിഭാഗത്തിന് പ്രത്യേക സംവരണം അനുവദിക്കാതെ ക്രിമിലയറിനെ ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചത്. ഈ ഇരട്ട നീതി തിരിച്ചറിഞ്ഞ് സാമൂഹ്യനീതി സംരക്ഷിക്കാൻ പിന്നാക്ക പട്ടിക സമുദായങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്തോഷ് പാലത്തുംപാട് അദ്ധ്യക്ഷത വഹിച്ചു. പി.കമലാസനൻ, ചവറ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.