വൈക്കം: വൈക്കത്തഷ്ടമിക്ക് നവംബർ 12ന് കൊടിയേറും. 23 നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെയും മുഹൂർത്ത ചാർത്ത് പ്രസിദ്ധപ്പെടുത്തി. ആസ്ഥാന ജ്യോൽസ്യൻ കൈലാസപുരം പിഷാരത്ത് ദിനേശ് കുമാർ മുഹൂർത്ത ചാർത്ത് വൈക്കം ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറി.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ രാവിലെ 8 നും 8.45നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്ററിയിപ്പ് നവംബർ 11നാണ്.
24 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. വൈക്കത്തഷ്ടമിയുടെ മന്നോടിയായ പുളളിസന്ധ്യ വേലയുടെ കോപ്പുതൂക്കൽ ഒക്ടോബർ 7 ന് രാവിലെ 9 നും 11 നും ഇടയിൽ ദേവസ്വം കലവറയിൽ നടക്കും.
പുള്ളിസന്ധ്യ വേല ഒക്ടോബർ 8, 10, 12, 14 തീയതികളിലാണ്.
മുഖസന്ധ്യവേലയുടെ കോപ്പുതൂക്കൽ നവംബർ 16ന് രാവിലെ 8.30 നും 10.30നും ഇടയിലാണ്. മുഖ സന്ധ്യവേല ഒക്ടോബർ 17 മുതൽ 20 വരെ നാല് ദിവസങ്ങളിലാണ് നടക്കുക.
വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ നവംബർ 11 ന് രാവിലെ 6.45 നും 8.45നും ഇടയിലാണ്.
ഒന്നാം ഉത്സവദിനമായ നവംബർ 12 ന് കൊടിപ്പുറത്തു വിളക്കും 5, 6, 8, 11 ഉത്സവനാളുകളിൽ ഉത്സവബലിയും ഏഴാം ഉത്സവദിനം രാത്രിയിലെ ഋഷഭ വാഹനമെഴുന്നള്ളിപ്പും എട്ടാം ദിനത്തിലെ വടക്കുംചേരിമേൽ എഴുന്നള്ളിപ്പും പിറ്റേന്ന് നടക്കുന്ന തെക്കുംചേരിമേൽ എഴുന്നള്ളിപ്പും പത്താം ഉൽസവനാളിൽ നടക്കുന്ന വലിയ ശ്രീബലിയും വലിയ വിളക്കും പ്രധാനമാണ്.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർകഴി കലശം ഡിസംബർ 30 മുതൽ ജനുവരി 8 വരെയാണ്. മാർഗഴി കലശത്തിന്റെ കോപ്പുതൂക്കൽ ഡിസംബർ 20 നാണ്. കലശത്തിന്റെ ഭാഗമായ രുദ്രപൂജ ഡിസംബർ 31 നും ഉദയനാപുരം ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ ജനുവരി 1നും നടക്കും.
വൈക്കം ക്ഷേത്രത്തിലെ മാശിയഷ്ടമി എന്നറിയപ്പെടുന്ന കുംഭാഷ്ടമി ഫെബ്രുവരി 20 നാണ്.
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റ് നവംബർ 8 ന് രാവിലെ 8. 40 നും 9നും ഇടയിലാണ് നടക്കുക. 16നാണ് പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. ഉത്സവത്തിന്റെ കോപ്പു തൂക്കൽ നവംബർ 7ന് രാവിലെ 11.50 നും 12 നും ഇടയിൽ നടക്കും.17 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.