പാലാ: വലവൂർ ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥികളെ ''പെരുവഴിയിലാക്കി'' പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതർ. ഏഴാച്ചേരി രാമപുരം കൊണ്ടാട് ചക്കാമ്പുഴ വലവൂർ റൂട്ടിനോടുള്ള പാലാ ഡിപ്പോ അധികാരികൾ തുടരുന്ന ''അയിത്ത''ത്തിന്റെ ഒടുവിലത്തെ ഉദാഹരണമായി ഇന്നലെ വൈകിട്ട് നടന്ന ഈ സംഭവവും.
പാലായിൽ നിന്ന് വൈകിട്ട് 4.10 ന് ഏഴാച്ചേരി വഴി രാമപുരത്തെത്തി അവിടെനിന്ന് കൊണ്ടാട്, വലവൂർ ട്രിപ്പിൾ ഐ.ടി. വഴി വരുന്ന ബസാണ് ഇന്നലെ പൊടുന്നനെ റദ്ദാക്കിയത്. വലവൂർ ട്രിപ്പിൾ ഐ.ടിയിൽ നാല്പതോളം വിദ്യാർത്ഥികൾ ഈ ബസ് കാത്തുനിൽപ്പുണ്ടായിരുന്നു. സമയമായിട്ടും ബസ് വരാതായതിനെ തുടർന്ന് നാട്ടുകാർ പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വിളിച്ചപ്പോഴാണ് ഈ സർവീസ് ഇല്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് പത്തോളം ഓട്ടോറിക്ഷകളിലായാണ് വിദ്യാർത്ഥികൾ പാലായ്ക്ക് പോയത്.
ഒന്നരമാസം മുമ്പ് സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ പേരിൽ ഏഴാച്ചേരി, രാമപുരം, ചക്കാമ്പുഴ, വലവൂർ സർവീസ് ഒറ്റയടിക്ക് കെ.എസ്.ആർ.ടി.സി. നിർത്തലാക്കിയിരുന്നു. ഇതേ തുടർന്ന് യാത്രക്കാരുടെ രോഷമുയരുകയും ''കേരള കൗമുദി'' ഇത് സംബന്ധിച്ച് തുടർ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ നിൽക്കക്കള്ളിയില്ലാതെ പാലാ ഡിപ്പോ അധികൃതർ ഏഴാച്ചേരി സർവീസ് വീണ്ടും ആരംഭിക്കുകയായിരുന്നു.
ഇതേ സമയം രാവിലെ 7.10 നുള്ള സർവീസ് ഇപ്പോഴുമില്ല. നിലവിൽ ഓടുന്ന ബസും ഇന്നലത്തേതുപോലെ പലപ്പോഴും സർവീസ് മുടക്കുന്നുമുണ്ട്.
ഒരു മാസം മുമ്പ് മാണി സി. കാപ്പൻ എം.എൽ.എ. വിളിച്ചുചേർത്ത ജനകീയ സദസിൽ കെ.എസ്.ആർ.ടി.സി. പാലാ ഡിപ്പോ അധികൃതർക്കെതിരെ രൂക്ഷമായ വിമർശനം യാത്രക്കാർ ഉയർത്തുകയും ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി. പാലാ ഡിപ്പോയിൽ നിന്നുള്ള രാമപുരം സർവീസുമായി ബന്ധപ്പെട്ട് എം,എൽ.എ. മുൻകൈ എടുത്ത് പ്രത്യേകയോഗം നടത്തുകയും ജനങ്ങളുടെ പരാതി സ്വീകരിച്ച് രേഖാമൂലം മറുപടി കൊടുക്കാൻ പാലാ എ.ടി.ഒ. അശോകിന് കർശന നിർദേശം നൽകുകയും ചെയ്തിരുന്നതാണ്. രാവിലെ 7.10 ന് ഏഴാച്ചേരി വഴിയുള്ള സർവീസ് പുനരാരംഭിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം തീർച്ചയായും പരിഗണിക്കുമെന്ന് എം.എൽ.എ.യുടെ മുന്നിൽ ഉറപ്പ് പറഞ്ഞ ഡിപ്പോ അധികൃതർ പിന്നീട് പക്ഷേ ചുവടുമാറ്റി.
ഏഴാച്ചേരി വഴിയുള്ള 7.10 ന്റെ സർവീസ് നഷ്ടമാണെന്ന് തുടർച്ചയായി പറയുന്ന ഡിപ്പോ അധികൃതർ ആ ബസ് ഇപ്പോൾ ചക്കാമ്പുഴ വഴിയാണ് വിടുന്നത്. ഇതാകട്ടെ സ്വകാര്യ ബസിന് പിന്നിലാണ്. നൂറുരൂപ കളക്ഷൻപോലും കിട്ടുന്നുമില്ല. അധികാര സ്ഥാനത്തുനിന്ന് ആരുപറഞ്ഞാലും കേൾക്കാത്ത അവസ്ഥയിലാണ് പാലാ ഡിപ്പോയിലെ ചില ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം.