മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടനോമ്പാചരണത്തിന് ഇന്നലെ സന്ധ്യാപ്രാർത്ഥനയോടെ തുടക്കമായി. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസ് പ്രധാന കാർമികത്വം വഹിച്ചു. സന്ധ്യാപ്രാർത്ഥനയെത്തുടർന്ന് മെത്രാപ്പോലീത്തയുടെയും വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ ചുറ്റുവിളക്ക് കത്തിച്ചു. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പൊലീസ് കൺട്രോൾ റുമിന്റെയും ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഷാഹുൾ ഹമീദ് നിർവഹിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന വിവിധ കൗണ്ടറുകളുടെയും ഓഫീസുകളുടെയും ഉദ്ഘാടനം കൺവീനർമാരായ വൈദികർ നിർവഹിച്ചു. കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലൂസ് ദ്വിതിയൻ ബാവായുടെ 28ാമത് ദുഃഖറോനോ പെരുന്നാൾ ഇന്ന് കുർബാന മധ്യത്തിൽ ആചരിക്കും. കുർബാനയ്ക്ക് ശേഷം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2025ലെ കലണ്ടർ പ്രകാശനം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയിൽനിന്ന് പുറപ്പെടും. പറമ്പുകര മരവത്ത് എം.എം ജോസഫിന്റെ ഭവനാങ്കണത്തിൽ നിന്ന് വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിക്കും. 4.30ന് തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം കൊടിമരം ഉയർത്തും. തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തും.