samabr

രുചിയുടെ കാര്യത്തിൽ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ തോൽപ്പിക്കാനാവില്ല. നമ്മൾക്കുള്ളതുപോലെ വെറൈറ്റി വിഭവങ്ങളും മറ്റിടങ്ങളിൽ കുറവാണ്. രുചിക്ക് മുൻഗണന നൽകുന്ന നാടാണ് നമ്മുടേതെന്ന് ഉറപ്പിച്ച് പറയാം. പക്ഷേ, ഇതിൽ പലതും ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നതാണെന്നത് വേറെ കാര്യം. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് നമ്മൾ അവ അകത്താക്കുന്നതും. മലയാളികളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം രുചിക്കുതന്നെ. അതുകഴിഞ്ഞേ ആരോഗ്യത്തിനുപോലും സ്ഥാനമുള്ളൂ.

നമ്മൾ നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതിനും മറ്റുരാജ്യങ്ങളിൽ നിരോധനമുള്ളതാണെന്നത് ഒട്ടുമിക്കവർക്കും അറിയില്ല.അവ ഏതെന്നും നിരോധനത്തിന് കാരണം എന്തെന്നും പരിശോധിക്കാം.

സാമ്പാർ ഇല്ലാതെ എന്ത് സദ്യ

മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഒരു ഭക്ഷ്യവിഭവമാണ് സാമ്പാർ. വിവിധ പച്ചക്കറികളും മറ്റും ചേരുന്നതിനാൽ ഇതിനെ ഹെൽത്തി ഫുഡായാണ് നമ്മൾ കണക്കാക്കുന്നത്. സാമ്പാർ ഇല്ലാത്ത ഒരു സദ്യയെപ്പറ്റി ആലോചിക്കാനേ കഴിയില്ല. എന്നാൽ സാമ്പാറിന്റെ ചില വെറൈറ്റികൾക്ക് യൂറോപ്യൻ യൂണിയനിൽ നിരോധനമുണ്ട്. ഇതിൽ ഉപയോഗിക്കുന്ന കത്തിരിക്കയും വഴുതനയുമാണ് കാരണം. കീടനാശിനികളുടെ ഉപയോഗം, പ്രാദേശിക കൃഷിയെ ബാധിച്ചേക്കാവുന്ന കീടങ്ങൾ എത്താനുളള സാദ്ധ്യത തുടങ്ങിയ കാരണങ്ങളാൽ ഈ രണ്ട് ഐറ്റങ്ങൾ ഇറക്കുമതിചെയ്യുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം അവ ചേർന്ന വിഭവങ്ങൾക്കും.

ശർക്കരയ്ക്കും പ്രവേശനം ഇല്ല

പായസത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശർക്കര. എന്നാൽ ഇന്ത്യൻ ശർക്കരയ്ക്ക് അമേരിക്കയിൽ പ്രവേശനമില്ല. ആരോഗ്യ സുരക്ഷ, ഗുണനിലവാരമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് ശുദ്ധീകരിക്കാത്ത ശർക്കരയ്ക്ക് (നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത്) അമേരിക്ക് നോ എൻട്രി കൽപ്പിച്ചത്. കരിമ്പിന്റെ നീരിൽ നിന്നാണ് ശർക്കര ഉണ്ടാക്കുന്നത്. ഇതിനൊപ്പം മറ്റുചില വസ്തുക്കളും ചേർക്കും. ഉത്പാദനത്തിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാത്തത് മൂലം ഇതിൽ വലിയ അളവിൽ മാലിന്യം ഉണ്ടെന്നാണ് അമേരിക്കക്കാർ പറയുന്നത്.

മുറുക്കല്ലേ

നാലും കൂട്ടിയൊരു മുറുക്ക് വളരെ പണ്ടുമുതലേ ഉള്ളതാണ്. എന്നാൽ അമേരിക്ക, കാനഡ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ ഇവയ്ക്ക് നിരോധനം ഉണ്ട്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. മുറുക്കാനിലെ പ്രധാന ഘടകമായ അടയ്ക്ക ലോകാരോഗ്യ സംഘടനയുടെ അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതാണ് നിരോധനത്തിന് പിന്നിലെ കാരണവും. അടക്കയ്‌ക്കൊപ്പം മുറുക്കാനിലെ പുകയിലയും പ്രതിസ്ഥാനത്തുതന്നെ.മുറുക്കാൻ (പാൻ) ചവയ്ക്കുന്നത് വായ്‌ക്കുള്ളിൽ കാൻസർ വരാൻ സാദ്ധ്യത കൂട്ടുമെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്.

കിൻഡർ ജോയ്

കുട്ടികൾക്ക് സ്നേഹത്തോടെ വാങ്ങിനൽകുന്ന ഒരു മിഠായി ഇനമാണ് കിൻഡർ ജോയ്. എന്നാൽ ഇതിന് അമേരിക്കയിൽ നിരോധനമുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്. മിഠായിയോടൊപ്പം കിട്ടുന്ന ചെറിയ പ്ളാസ്റ്റിക് കളിപ്പാട്ടങ്ങൾക്കാണ് വില്ലൻ പരിവേഷം. മിഠായിക്കൊപ്പം അറിയാതെ ഈ കളിപ്പാട്ടങ്ങൾ കൂടി കുട്ടികൾ കഴിച്ചാൽ ശ്വാസതടസം ഉൾപ്പടെയുള്ളവ ഉണ്ടാവാൻ ഇടയാക്കിയേക്കും എന്നാണ് ആശങ്ക.