modi

സാമുദായിക സംവരണത്തിന്റെ അടിത്തറയായ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീംകോടതിയുടെ ഇന്ദ്രാസാഹ്നി കേസിലെ ഐതിഹാസിക വിധിയും നാളിതുവരെ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ എണ്ണവും വിവരങ്ങളും പോലും സർക്കാരിന്റെ കൈവശമില്ല. വസ്തുതാവിരുദ്ധമായ ജാതി കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ സാമുദായിക സംവരണം ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക സംവരണവും പട്ടികജാതി- പട്ടികവർഗ സംവരണവുമൊന്നും ഫലപ്രദമായി നടപ്പാക്കാൻ ഇവിടെ കഴിഞ്ഞിട്ടുമില്ല.

സംവരണം നടപ്പിലാക്കുന്നതിന് ആദ്യം വേണ്ടത് ജാതിസർവേ തന്നെയാണ്. ഇതിനു തയ്യാറാകാത്ത കേന്ദ്ര സർക്കാർ ആയാലും, സംസ്ഥാന സർക്കാരുകളായാലും പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്നു കരുതുന്നവർ തന്നെയാണ്. എന്തായാലും ബീഹാറിലെ ജാതി സെൻസസും, ആന്ധ്രയിലെ ജാതി സർവേയും, തെലങ്കാനയിലെ ജാതി സർവേയും എല്ലാം രാജ്യത്തെ മാഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിൽ രാഷ്ട്രീയമായ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.


കേരളം, തമിഴനാട്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് അടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും മഹാഭൂരിപക്ഷം ജനങ്ങളും വിവിധ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്. ഇവരുടെ വികാരം മാനിക്കാതെയും സാമൂഹ്യനീതി നിഷേധിച്ചും ഒരു സർക്കാരിനും അധികം കാലം മുന്നോട്ടു പോകാനാകില്ല. സംസ്ഥാനങ്ങൾക്കു തന്നെ ജാതി സെൻസസ് നടത്താൻ പരമോന്നത കോടതിയും കേന്ദ്ര സർക്കാരും അനുവാദം നൽകിയിട്ടും കേന്ദ്രമാണ് അതു നടത്തേണ്ടതെന്നു പറഞ്ഞ് കൈകഴുകുന്ന ചില സംസ്ഥാന സർക്കാരുകളും രാജ്യത്തെ ഇടതുപക്ഷവുമെല്ലാം സ്വന്തം ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഇപ്പോഴും ചില സംസ്ഥാനങ്ങളിൽ എല്ലാ മേഖലകളിലും സംവരണ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനുള്ള ശ്രമവും നടന്നുവരികയാണ്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. ഈ മാറ്റങ്ങൾക്ക് വലിയ പങ്കു വഹിച്ചത് പിന്നാക്ക- ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. ബീഹാറിലാണ് ജാതി സെൻസസ് നടപ്പിലാക്കൽ ആദ്യമുണ്ടായത്. തുടർന്ന് തെലങ്കാന, ആന്ധ്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാതി സർവേയ്ക്കുള്ള പ്രഖ്യാപനങ്ങളും നടപടികളുമുണ്ടായി. കർണാടക സർക്കാരും ജാതി സർവേ ഇതിനകം നടത്തിക്കഴിഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളിൽ വലിയ ആവേശമാണ് ജാതി സർവേ ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ മുഖ്യ ഭരണകക്ഷിയായ ബി.ജെ.പി ജാതി സെൻസസിനെ പല്ലും നഖവും ഉപയോഗിച്ച് ശക്തമായി എതിർത്തുകൊണ്ടിരിക്കുകയാണ്.


ജാതി സംവരണത്തിനെതിരെ നിലകൊണ്ടിട്ടുള്ള മുന്നാക്കക്കാരും കൂട്ടരും ജാതി സർവേയെയും ശക്തമായി എതിർക്കുകയാണ്. ബി.ജെ.പിയുടെയും മറ്റും എതിർപ്പ് ഇതുകൊണ്ടുതന്നെയാണ്. എന്തായാലും ജാതി സർവേ നടപ്പിലാക്കുമെന്ന ഇന്ത്യാ മുന്നണിയുടെ പ്രഖ്യാപനം അവർക്ക് വലിയ അനുകൂല സാഹചര്യമാണ് ഉണ്ടാക്കിയത്. യു.പിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെലങ്കാന, തമിഴ്നാട്, കർണാടകം,​ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇന്ത്യാ മുന്നണിക്ക് കാര്യമായ വിജയമുണ്ടാകാനുള്ള പ്രധാന കാരണം ജാതി സെൻസസ് മുദ്രാവാക്യം തന്നെയാണ്. ഇന്ത്യാ മുന്നണിയുമായി സഹകരിക്കുന്ന ഇടതുപക്ഷം ജാതി സെൻസസ് കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിന്റെ തിരിച്ചടി പലേടത്തും ഉണ്ടാവുകയും ചെയ്തു.

സവർണ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ കേന്ദ്ര സർക്കാർ ജാതി സെൻസസ് ഒരിക്കലും നടത്തുകയില്ലെന്ന് ഇപ്പോൾ ജാതി സർവേയിൽ നിന്ന് മാറിനിൽക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകൾക്കും ബോദ്ധ്യമുള്ള കാര്യമാണ്. ജാതി സെൻസസ് നടത്താൻ താത്പര്യമില്ലാത്ത സംസ്ഥാന സർക്കാരുകളാണ് കേന്ദ്രത്തെ പഴിചാരി ഈ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളെ തുണച്ച ജാതി സെൻസസ്, സംവരണ പരിധി ഒഴിവാക്കൽ ആവശ്യങ്ങൾ വീണ്ടും ശക്തമായി ഉയർത്താൻ കോൺഗ്രസ് സജീവമായി രംഗത്തു വന്നിരിക്കുകയാണ്. ഭരണ മുന്നണിയിലുള്ള ജെ.ഡി.യുവിന്റെയും ടി.ഡി.പി.യുടെയും രാഷ്ട്രീയ നിലപാടിന് അനുസൃതമായി ജാതിവിഷയം ഉയർത്തി അവരിൽ ഭിന്നത ഉളവാക്കുകയും ഇവരുടെ ലക്ഷ്യമാണ്.


സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും ജാതി സർവേയുടെ അടിസ്ഥാനത്തിൽ ബീഹാറിൽ പ്രഖ്യാപിച്ച 65 ശതമാനം സംവരണം പാട്ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായി ബീഹാർ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. കോടതി നിരോധനം മറികടക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവരണമെന്നാണ് കഴിഞ്ഞ ദിവസം ജെ.ഡി.യു ദേശീയ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെപ്പോലെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ജാതി സെൻസസിനായി ശക്തമായി വാദിക്കുന്നയാളാണ്. 2021-ൽ ഈ ആവശ്യമുന്നയിച്ച് നായിഡു നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. നിതീഷ് ഇന്ത്യാ സഖ്യത്തിനൊപ്പം ഉണ്ടായിരുന്നപ്പോൾ പ്രധാനമായും ഉന്നയിച്ച വിഷയങ്ങളായിരുന്നു ജാതി സെൻസസും സംവരണ പരിധിയും.


ബീഹാറിൽ നിതീഷിന്റെ വോട്ടുബാങ്ക് പൂർണമായും ജാതി സെൻസസ്, സംവരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ്. എൻ.ഡി.എയുടെ ഭാഗമാണെങ്കിലും ജാതി സെൻസസ് ആവശ്യവും സംവരണവും ഒഴിവാക്കി മുന്നോട്ടുപോയാൽ ജെ.ഡി.യുവിന് തിരിച്ചടിയുണ്ടാകുമെന്ന് നേതൃത്വത്തിനറിയാം. ജാതി സെൻസസ് നടത്തുമെന്നു പറഞ്ഞാണ് നിതീഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിവിധ ജാതികളുടെ പിന്നാക്കാവസ്ഥ മനസിലാക്കി വേണം സംവരണാനുകൂല്യം വിതരണം ചെയ്യേണ്ടതെന്ന നിലപാടാണ് ചന്ദ്രബാബു നായിഡുവിന്റേതും. എന്തായാലും നിതീഷിന്റെയും നായിഡുവിന്റെയും ഇക്കാര്യത്തിലെ ശക്തമായ നിലപാടും വികാരവും വിസ്മരിക്കാൻ നരേന്ദ്ര മോദിക്ക് അത്രയെളുപ്പം കഴിയുകയില്ല.


സി .പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജാതി സെൻസസ് പാർട്ടി നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അടുത്ത ദേശീയ സെൻസസിൽ ജാതികോളം കൂടി ചേർത്ത് ജാതി സെൻസസ് നടത്തണമെന്നാണ് ഇതിൽ പറയുന്നത്. കേന്ദ്രമാണ് ജാതി സെൻസസ് നടത്തേണ്ടതെന്നാണ് സി.പി.എം അഭിപ്രായപ്പെടുന്നത്. സംസ്ഥാനങ്ങൾക്ക് ജാതി സെൻസസ് നടത്തുന്നതിന് ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും നിയമതടസവുമില്ല. എന്തായാലും സി.പി,​എം നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് ജാതി സെൻസസിൽ നിന്ന് ഇനി പിന്നാക്കം പോകാൻ കഴിയുമെന്നു തോന്നുന്നില്ല. ജാതി സെൻസസിനും സംവരണത്തിനും എതിരെ ശക്തമായ നിലപാടുള്ള മുന്നാക്കജാതി പ്രസ്ഥാനങ്ങൾ ഇപ്പോൾത്തന്നെ സംസ്ഥാനത്ത് ജാതി സെൻസിന് എതിരായി സജീവമായി രംഗത്തുണ്ട്.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏൽക്കേണ്ടിവന്ന കനത്ത പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ സി.പി.എം ഇനിയെങ്കിലും തയ്യാറാകണം. അടിയന്തരമായി സംസ്ഥാനത്ത് ജാതി സർവേ നടത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. കേരളത്തിലെ ജനസംഖ്യയിൽ 83 ശതമാനം പിന്നാക്ക വിഭാഗങ്ങളാണല്ലോ. ഹിന്ദു പിന്നാക്കവും മുസ്ലിം-ക്രിസ്ത്യൻ പിന്നാക്ക വിഭാഗവും ചേർന്നാണ് ഈ കണക്ക്. പിന്നാക്ക ജനവിഭാഗത്തിന്റെ വോട്ടുബാങ്ക് അടിത്തറയിൽ കെട്ടിപ്പടുത്തിട്ടുള്ള ഇടതുപക്ഷം,​ പിന്നാക്ക ജനവികാരം തൃണവൽഗണിച്ച് ഇനിയും മുന്നോട്ടു പോയാൽ കൂടുതൽ കടുത്ത പ്രഹരമായിരിക്കും ലഭിക്കുക. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു തന്നെ അതിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം നേതൃത്വം വിസ്മരിക്കരുത്.

(ലേഖകന്റെ ഫോൺ: 98471 32428)​