book

വലിയ ചിന്തകളുടെ കിളിവാതിൽ തുറക്കുന്ന ചെറിയ കുറിപ്പുകളുടെ സമാഹാരമാണ് 'അപ്രമാദം' എന്ന ഗ്രന്ഥം. പുസ്തകത്തിന്റെ പേരുപോലെതന്നെ കുരുക്കുള്ളതാണ് ഇതിലെ കുറിപ്പുകളും. അപ്രമാദം എന്നാൽ പ്രമാദം അല്ലാത്തത് എന്നാണല്ലോ അർത്ഥം. എന്താണ് പ്രമാദം? കുപ്രസിദ്ധം എന്ന അർത്ഥത്തിലാണ് ഇപ്പോൾ ധാരാളമായി ഉപയോഗിക്കുന്നത്.. തെറ്റ്, മൂഢത എന്നൊക്കെയാണ് അതിന്റെ സാധരണ അ‌‌ർത്ഥം. അപ്രമാദം എന്നാൽ തെറ്റില്ലായ്മ എന്നാണ് ഉദ്ദേശിക്കുന്നതെന്ന് മുഖവുരയിൽ ഗ്രന്ഥകാരൻതന്നെ രേഖപ്പെടുത്തിയിരിക്കയാൽ അത് വിവാദമാക്കേണ്ടതില്ല.

സത്യദർശികളായ ഋഷിമാ‌ർ വിവിധ രൂപഭാവങ്ങളിൽ ആവിഷ്കരിച്ച ചിന്താപദ്ധതികളിലൂടെയാണ് ഡോ. ഷാജി പ്രഭാകരൻ സഞ്ചരിക്കുന്നത്. പ്രസിദ്ധ ന്യൂറോ സ‌ർജനായ അദ്ദേഹം തന്റെ തൂലികയെയും സ്റ്റെതസ്കോപ്പായാണ് കാണുന്നത്. വിചാരഭരിതമായ ദർശനങ്ങളുടെ നാഡിമിടിപ്പുകൾ തിരിച്ചറിയാനുള്ള വ്യഗ്രതയാണ് ഈ ഉദ്യമത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അതിന്റെ സദ്ഫലങ്ങളാണ് കൈപ്പുസ്തമായി കൊണ്ടുനടക്കാവുന്ന ഈ സമാഹാരത്തിലുള്ളത്.

ജീവിതശൈലി എന്ന ഖണ്ഡം വായിക്കാം: 'ശാന്തസുന്ദരമായി മധുരമധുരമായി ജീവിക്കാവുന്ന ഇഹലോകവാസത്തെ വെറും കയ്പും പുളിപ്പുമാക്കുന്നത് അഭികാമ്യമാണോ? തനിക്ക് വിന, മറ്റുള്ളവർക്കു സങ്കടം. ഇത് എന്തു രോഗമാണ്? ഡോക്ടർ പരിശോധിച്ചാൽ ഒന്നും കാണാനില്ല. വെളിയിൽനിന്നു നോക്കിയാൽ സുന്ദരന്മാരും സുന്ദരികളും. എന്നാൽ, അകം നിറയെ വെറുപ്പ്. ശാഠ്യം, വക്രബുദ്ധി, കുശുമ്പ്, കുന്നായ്മ, അസൂയ എന്നിവ മാത്രം. ശരിക്കും പുഴുക്കൾ നിറഞ്ഞ നരകംതന്നെ!" ഇനി 'കൈകൾ' എന്ന കുറിപ്പ് നോക്കാം: 'മനസിന്റെ ഭൃത്യനെപ്പോലെയാണ് കൈകൾ. കൈകൾ ഗ്രഹമാണെങ്കിൽ ആ ഗ്രഹത്തിന്റെ അതിഗ്രഹമാണ് കർമ്മം..." എന്നാണ് അതിന്റെ തുടക്കം.

ഉപനിഷത്തിനെ പിന്തുടർന്നുകൊണ്ടുള്ള ഈ ചിന്താശകലം വ്യാഖാനിച്ച് മനസിലാക്കാൻ ശ്രമിക്കാം. ഗ്രഹങ്ങൾക്ക് വിഷയമായ ഗ്രഹമാണ് അതിഗ്രഹം. ഗ്രഹമെന്നാൽ ഇവിടെ ഇന്ദ്രിയം എന്നർത്ഥം. കാത് ഒരു ഗ്രഹമാണ്. അത് ശബ്ദമാകുന്ന അതിഗ്രഹത്താൽ സ്വാധീനമായതാണ്. കാതുകൊണ്ടാണ് ശബ്ദങ്ങളെ കേൾക്കുന്നത്. മനസ് ഒരു ഗ്രഹമാണ്. അത് മനസാകുന്ന അതിഗ്രഹത്താൽ സ്വാധീനമായതാണ്. മനസുകൊണ്ടാണ് കാമങ്ങളെ കാമിക്കുന്നത്. കൈകൾ ഒരിക്കൽ കർമ്മത്തിലേക്കു കടന്നുചെന്നാൽ പിന്നെ വിശ്രമമില്ല. അത് ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വ്യാപരിച്ചുകൊണ്ടിരിക്കും. ജീവാവസാനംവരെ അത് തുടരും. ഗ്രഹമെന്നാൽ ഗ്രഹിക്കാൻ പര്യാപതമായ ഇന്ദ്രിയം എന്നും അർത്ഥമുണ്ട്.

എന്താണ് ഭക്തി? മുറിയാത്ത ഭജനമാണ് ഭക്തി എന്നാണ് ഷാജി പ്രഭാകരൻ പറയുന്നത്. മോക്ഷത്തിലേക്കുള്ള വഴിയാണത്. മനസ് സ്വച്ഛമായാൽ മോക്ഷമായി. ഇങ്ങനെ ജീവിതാവസ്ഥകളുടെയും മരണാനന്തര ജീവതത്തിന്റെയും ശരിപ്പകർപ്പുകളിലേക്ക് സവാരി നടത്തുകയാണ് ഗ്രന്ഥകാരൻ. ചുരക്കത്തിൽ ശിഥിലചിന്തകളുടെ സമാധിയാണ് ഈ പുസ്തകം എന്നു പറയാം.

പ്രസാധകർ: ഷാജിപ്രഭ പബ്ലിക്കേഷൻസ്

വില: 100 രൂപ