dog

കർണാടകയിലെ യമഗർണി ഗ്രാമത്തിനു പറയാനുള്ളത് അവിശ്വസനീയമായൊരു സ്നേഹത്തിന്റെ കഥയാണ്. ഒരു നായയുടെ യജമാന സ്നേഹത്തിന്റെ കഥ! തീർത്ഥാടന യാത്രയ്ക്കിടെ നഷ്ടപ്പെട്ടു പോയെന്നു കരുതിയ മഹരാജ് എന്ന നായ,​ യജമാനൻ കമലേഷ് കുംഭറിന്റെ അടുക്കലേക്ക് 250 കിലോമീറ്റർ പിന്നിട്ടാണ് തിരിച്ചെത്തിയത്. മഹരാജിന്റെ മടങ്ങിവരവറിഞ്ഞ് അന്വേഷിച്ചെത്തിയ പ്രദേശവാസികൾക്ക് അതു വിശ്വസിക്കാനായില്ല. ദൂരത്തെ സ്നേഹംകൊണ്ട് കീഴടക്കിയ മഹരാജിന്റെയും അവന്റെ യജമാനനായ കമലേഷിന്റെയും കഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ആ മടങ്ങിവരവ് യമഗർണി ഗ്രാമവും ആഘോഷമാക്കി.

ഇക്കഴിഞ്ഞ ജൂൺ അവസാനവാരമാണ് കമലേഷിനും സംഘത്തിനുമൊപ്പം വളർത്തുനായ മഹരാജും മഹാരാഷ്ട്രയിലെ പന്ദർപൂരിലേക്ക് കാൽനടയായി തീർത്ഥാടനത്തിനു പുറപ്പെട്ടത്. എല്ലാ വർഷവും ആഷാഢ ഏകാദശിയിലും കാർത്തിക ഏകാദശിയിലും കമലേഷ് ക്ഷേത്രദർശനം പതിവ്. മഹരാജിന് ഭജന കേൾക്കാൻ ഇഷ്ടമായതുകൊണ്ടാണ് ഇത്തവണ അവനെയും ഒപ്പം കൂട്ടിയതെന്ന് കമലേഷ് പറയുന്നു. പക്ഷേ,​ വിഠോബ ക്ഷേത്രദർശനം കഴിഞ്ഞിറങ്ങുമ്പോൾ തിരക്കിനിടെ മഹരാജിനെ നഷ്ടമാവുകയായിരുന്നു.

വഴിതെറ്റിയ നായ മറ്രൊരു യാത്രാസംഘത്തിനൊപ്പം പോയെന്ന് പിന്നീട് ക്ഷേത്രപരിസരത്തെ കച്ചവടക്കാർ പറഞ്ഞു. മഹരാജിനെ കൂടാതെ നാട്ടിലേക്കു മടങ്ങില്ലെന്ന വാശിയിൽ ദിവസങ്ങളോളം കമലേഷ് ക്ഷേത്രപരിസരത്തു തന്നെ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ പ്രതീക്ഷ കെെവിടാതെ തന്നെ കമലേഷ് നാട്ടിലേക്കു മടങ്ങി. മഹരാജിന്റെ നഷ്ടം കമലേഷിനെയെന്നതു പോലെ കുടുംബത്തെയും വിഷമത്തിലാക്കിയിരുന്നു. എന്നാൽ,​ കുറച്ചുദിവസത്തിനു ശേഷം മുറ്റത്ത്,​ സ്നേഹത്തോടെ വാലാട്ടി നിൽക്കുന്ന തന്റെ അരുമയെ കണ്ടാണ് കമലേഷ് ഉറക്കമുണർന്നത്!

250 കിലോമീറ്റർ ആണ് അവൻ വീട്ടിലേക്കു സഞ്ചരിച്ച ദൂരം! കമലേഷിനും കുടുംബത്തിനും മാത്രമല്ല,​ നാട്ടുകാർക്കും വിശ്വസിക്കാനാകുന്നതായിരുന്നില്ല,​ മഹരാജിന്റെ മടങ്ങിവരവ്. അതൊരു ആഘോഷമാക്കാൻ തന്നെ ഗ്രാമവാസികളും തീരുമാനിച്ചു. നായയെ മാലയിട്ട് കുറി തൊടീച്ചാണ് യമഗർണി ഗ്രാമം സ്വീകരിച്ചത്. പ്രദേശവാസികൾക്കായി വിരുന്നു സൽക്കാരവും നടത്തി. ദിവസങ്ങൾ പിന്നിട്ട യാത്രയിലും അവശതകൾ മഹരാജയെ ബാധിച്ചിരുന്നില്ല. 250 കിലോമീറ്ററിൽ അധികം ദൂരം മറികടന്നു വരാൻ ഒരു നായയ്ക്ക് അസാദ്ധ്യമാണെന്നും,​ ഇത്രയും ദൂരം താണ്ടി മഹരാജ് തിരിച്ചെത്തിയത് ദെെവത്തിന്റെ അനുഗ്രഹമാണെന്നുമാണ് കമലേഷ് പറയുന്നത്.