കോഴിക്കോട്: ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ക്ഷീരകർഷർക്ക് കൈത്താങ്ങായി കേരള ഫീഡ്സ്. സ്‌നേഹസ്പർശം പദ്ധതിയിലൂടെ കോഴിക്കോട് തിരുവങ്ങൂർ പ്ലാന്റിൽ നിന്നും കർഷകർക്ക് സൗജന്യമായി 530 ചാക്ക് എലൈറ്റ് കാലിത്തീറ്റയുമായി ലോറികൾ പുറപ്പെട്ടുവെന്ന് കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാറും മാനേജിംഗ് ഡയറക്‌ടർ ഡോ. ബി. ശ്രീകുമാറും അറിയിച്ചു.
2018 ലെ പ്രളയത്തിലും ക്ഷീരകർഷർക്ക് സൗജന്യ കാലിത്തീറ്റ നൽകുന്നതടക്കം നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. കർഷകർക്ക് കുറഞ്ഞ പലിശയിൽ ബാങ്ക് വായ്പ ലഭ്യമാക്കാനും, സൗജന്യമായി കറവപ്പശുക്കളെ നൽകാനും കേരള ഫീഡ്സ് മുൻകൈയെടുത്തു. കേരള ഫീഡ്സിന്റെ പ്രളയ സഹായപദ്ധതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിരവധി പേർ പങ്കാളികളായിരുന്നു. ഇത്തവണയും സംസ്ഥാന ക്ഷീരവികസനമൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളിൽ പൂർണ സഹകരണമുണ്ടാകുമെന്നും എം.ഡി അറിയിച്ചു.