d

ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (ഐ.ഡി.എസ്.എഫ്.കെ)​ 16ാം എഡിഷനിൽ ഏറെ ശ്രദ്ധ നേടിയ ഷോർട്ട് ഫിലിമുകളായിരുന്നു അച്യുത് ഗിരി സംവിധാനം ചെയ്ത മീനുകൾ. രാജ് ഗോവിന്ദ് സംവിധാനം ചെയ്ത പാറ്റേൺ എന്നീ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ പ്രദീപ് ജോസഫ് ആണ്. ഏറെ നിരൂപക പ്രശംസ നേടിയ പാറ്റേണിലെ അഭിനയത്തിന് വേണുനാഗവള്ളി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരവും പ്രദീപിനെ തേടിയെത്തി.

അഭിനയം എന്നും കൂടെയുണ്ടായിരുന്നു എന്ന് പ്രദീപ് പറയുന്നു. സ്കൂൾ കാലഘട്ടത്തിൽ നാടകങ്ങളിലൂടെയായിരുന്നു അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചത്. നാടകരചനയും സംവിധാനവും നിർവഹിക്കുന്നതും പ്രദീപ് ആയിരുന്നു. പിന്നീട് ക്ലബിന് വേണ്ടിയും പള്ളി പരിപാടികളിലും നാടകങ്ങളിലൂടെ തന്റെ അഭിനയ സപര്യ തുടരുകയായിരുന്നു അദ്ദേഹം.

" പി.ജി കഴിഞ്ഞ് യു.എസ്.ടിയിൽ 2003ൽ ജോലി കിട്ടി. സഹപ്രവർത്തകനും സുഹൃത്തുമായ നസീർ ബദറുദ്ദീൻ ഇടയ്ക്കിടെ കഥകൾ എഴുതിക്കൂട്ടും. അങ്ങനെയാണ് 2019ൽ മഴച്ചില്ലുകൾ എന്ന ഷോർട്ട്ഫിലിമിന്റെ പിറവി. സുഹൃത്തുക്കൾ എള്ലാവരും കൂടി ചേർന്ന് ചെയ്ത ചിത്രമായിരുന്നു അത്. അങ്ങനെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത് . ഈ വർഷം പുറത്തിറങ്ങിയ സ്വകാര്യം സംഭവബഹുലം എന്ന ചലച്ചിത്രവും സംവിധാനം ചെയ്തത് നസീർ ബദറുദ്ദീൻ ആണ് അതിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു.

pradeep-joseph-

ജോലിക്കൊപ്പം തന്നെ അഭിനയം എന്ന തന്റെ പാഷനെ നെഞ്ചോട് ചേർക്കുകയാണ് പ്രദീപ്. 2021ൽ അപ്പു ഭട്ടതിരി സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ​- നയൻതാരയും ഒന്നിച്ച നിഴൽ എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്ക്രീൻ അരങ്ങേറ്റം. പിന്നീട് അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജയസൂര്യ നായകനായ ജോൺ ലുഥർ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധ നേടി. സീരിയൽ കില്ലറിന്റെ കൊലപാതകത്തിന് ഇരയാകുന്ന സുബിന്റെ അച്ഛനായാണ് അഭിനയിച്ചത്.

സിനിമയിൽ അവസരം തേടി അങ്ങോട്ട് പോകേണ്ട അവസരം ഉണ്ടായിട്ടില്ലെന്ന് പ്രദീപ് വ്യക്തമാക്കുന്നു. സുഹൃത്തുക്കൾ വഴിയാണ് എല്ലാ അവസരവും തേടി വന്നത്. മുൻപ് യു.എസ്.ടിയിൽ കൂടെ ജോലി ചെയ്തിരുന്ന മനു നിഴലിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. മനു വഴിയാണ് നിഴലിലെത്തിയത്. പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സുഹൃത്ത് പ്രഥ്വി രാജനാണ് ജോൺ ലുഥറിലേക്ക് എത്തിച്ചത്.

അഭിനയവും ജോലിയും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. ഇപ്പോൾ ഡെലിവറി മാനേജരാണ്. ചെറിയ റോളുകൾ ആയതിനാൽ ഇപ്പോൾ അധികം ബുദ്ധിമുട്ടില്ല. യു.എസ്.ടിയിൽ നിന്നുള്ള പിന്തുണയും എടുത്തുപറയണം. ഭാര്യ ഐ.ബി.എസിൽ വർക്ക് ചെയ്യുന്ന അനിലയും മക്കളായ ശ്രേയയും ലയയും നല്ല സപ്പോർട്ടാണ് നൽകുന്നത്. അനിയൻ ജോൺ ജോസഫാണ് ഞാൻ സിനിമയിൽ അഭിനയിക്കണമന്ന് ഏറെ ആഗ്രഹിച്ചിരുന്നത്. അവനാണ് ഓഡിഷന് വേണ്ടി പോർട്ട്ഫോളിയോ ഒക്കെ അയയ്ക്കാറുള്ളത്. നിഴലിൽ അഭിനയിച്ചപ്പോൾ അവനായിരുന്നു ഏറെ സന്തോഷം.

pradeep-

.

അഭിനയത്തിനൊപ്പം ഷോർട്ട് ഫിലിം കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.. പാറ്റേണിലെ അഭിനയത്തിന് വേണു നാഗവള്ളി ഷോർട്ട് ഫിലിം അവാർഡിന് പുറമേ ബ്ലോക്ക് ബസ്റ്റർ എന്ന ഷോ‌ർട്ട് ഫിലിമിന് പ്രതിധ്വനിയുടെ ക്വിസ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ജോലിയും അഭിനയവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹമെന്നും പ്രദീപ് പറയുന്നു. കരിക്ക്,​ കേരള ക്രൈം ഫയൽസ്,​ മി മൈ സെൽഫ് ആൻഡ് ഐ എന്നീ വെബ് സീരിസുകളും ഉള്ളറിവ്,​ ബ്ലോക്ക് ബസ്റ്റർ എന്നീ ഷോർട്ട് ഫിലിമുകളാണ് മറ്റ് പ്രധാന ചിത്രങ്ങൾ ,​

ശ്രീകാര്യം ഗാന്ധിപുരത്തെ വീട്ടിൽ ഔദ്യോഗിക തിരക്കുകൾക്കിടയിലും പുതിയ ഷോർട്ട് ഫിലിമിന്റെയും വെബ് സീരിസിന്റെയും ചർച്ചകളിലാണ് അദ്ദേഹം. ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ഏറെ ഇഷ്ടപ്പെടുന്ന പ്രദീപ് അവരോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹവും തുറന്നു പറയുന്നു. ചെറിയ റോളുകളിൽ നിന്ന് സിനിമയിൽ മുൻനിര കഥാപാത്രങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദീപ് ജോസഫ് .