cyber-scam

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിനെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പണം തട്ടുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്ന് സൈബർ വിദഗ്ദ്ധർ. മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പേരിലടക്കം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കാനിടയുണ്ട്. സർക്കാരിന്റെ ഔദ്യോഗിക സന്ദേശമെന്നു തോന്നുന്ന തരത്തിലാവും കാർഡുകളും വോയിസ് ക്ലിപ്പുകളും പുറത്തിറക്കുന്നത്.

അവശ്യസാധനങ്ങൾക്കുള്ള സഹായധനം നൽകാൻ ക്യൂആർ കോഡോ ലിങ്കോ ഗൂഗിൾ പേ നമ്പറോ നൽകിയിരിക്കും. വിശ്വസിച്ച് പണമയക്കുന്നത് സ്വകാര്യവ്യക്തികളുടെ അക്കൗണ്ടുകളിലേയ്ക്കാവും. പോസ്റ്റിനൊപ്പം കാണുന്ന ലിങ്കുകൾ മാൽവെയറുകളാകാനും സാദ്ധ്യതയുണ്ട്. ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് ഫോണിലേയ്ക്ക് കയറും. ഫോണും ബാങ്ക് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടും. 40 വയസിനു മുകളിലുള്ളവരെയാണ് തട്ടിപ്പുകാർ ഉന്നമിടുന്നത്. ഒരു രൂപ മുതൽ സംഭാവന ചെയ്യാമെന്ന തരത്തിലാവും സന്ദേശങ്ങൾ വരുന്നത്. സന്ദേശത്തിനൊപ്പമുള്ള നമ്പർ വ്യാജമായിരിക്കാം. വോളന്റിയർ രജിസ്ട്രേഷന് വേണ്ടിയുള്ള ഗൂഗിൾ ഫോമുകളിലൂടെയും സ്വകാര്യവിവരങ്ങളടക്കം ചോർത്തും.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ട് എന്നതു പോലെയുള്ള പ്രാങ്ക് സന്ദേശങ്ങളും സൂക്ഷിക്കണം. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സന്തോഷിക്കുന്ന സാമൂഹ്യ വിരുദ്ധരാകും ഇതിനു പിന്നിൽ. മാദ്ധ്യമസ്ഥാപനങ്ങൾ, നഗരസഭ, അസോസിയേഷനുകൾ എന്നിവയുടെ പേരിൽ വരുന്ന സന്ദേശങ്ങളും സൂക്ഷിക്കണം.

ശ്രദ്ധിക്കേണ്ടത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലും സർക്കാർ സൈറ്റുകളിലും വരുന്ന സന്ദേശങ്ങളും ലിങ്കുകളും മാത്രം വിശ്വസിക്കുക

വാട്ട്സാപ്പിൽ പലവട്ടം ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ വ്യാജമാകാം.

സന്ദേശങ്ങളും പോസ്റ്റുകളും പങ്കു വയ്ക്കുന്നതിന് മുമ്പ് വാസ്തവമാണെന്ന് ഉറപ്പാക്കുക

അപരിചിതങ്ങളായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്.

അപായ സന്ദേശങ്ങൾ കണ്ട് പരിഭ്രാന്തരാകരുത്

സൈബർ ഹെല്പ്ലൈൻ നമ്പർ 1930