facebook-post

വയനാട്: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുക്കൊണ്ടുളള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.

എക്സിൽ 'കോയിക്കോടൻസ് 2.0' എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. അതേസമയം, തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി സോഷ്യൽ മീഡിയകളിൽ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഉരുൾപൊട്ടലിൽ കാണാതായ 240 പേർക്കായുളള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് ദൗത്യസംഘം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദുരന്തമുഖത്ത് നിന്നും 1592ൽ അധികം പേരെയാണ് രക്ഷപ്പെടുത്തിയത്. ചെളിയിൽ പുതഞ്ഞുപോയ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി ഇന്ന് ഒമ്പത് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തോടൊപ്പം പൊലീസിന്റെ കെഡാവർ നായകളെയും എത്തിച്ചിട്ടുണ്ട്.