തൃശൂർ: കേരളത്തിന് മുന്നിൽ തീരാനോവായി വയനാട് നിൽക്കുമ്പോൾ, വയനാടിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഒപ്പം ചേരുമെന്ന് ജെ.കെ.മേനോൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ പ്രഖ്യാപിച്ചിരിക്കുകയാണ് നോർക്ക ഡയറക്ടറും എ.ബി.എൻ ഗ്രൂപ്പ് ചെയർമാനുമായ ജെ.കെ.മേനോൻ.
വയനാട്ടിലെ തീരാ നോവുകളിൽ കാരുണ്യത്തിന്റെ കരുതൽ നൽകേണ്ടത് കടമയാണെന്നും സംസ്ഥാന സർക്കാരിന്റെ രക്ഷാപ്രവർത്തനങ്ങൾക്കും, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഒപ്പം ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതരെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. ഈ ഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കും, പുനരധിവാസ നടപടികൾക്കുമാണ് മുൻഗണന നൽകേണ്ടത്. നിരാലംബരും, നിരാശ്രയരുമായ മനുഷ്യർക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയിൽ കൈപിടിച്ച് ഉയർത്തുകയും ചെയ്യേണ്ടത് താനുൾപ്പെടെയുള്ളവരുടെ ഉത്തരവാദിത്തമാണ്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞുപോയവർക്ക് ആദരാഞ്ജലികൾ നേരുന്നുവെന്നും ജെ.കെ.മേനോൻ കൂട്ടിചേർത്തു.