wayanad-landslide

ഇടുക്കി: ഉരുൾപൊട്ടലുണ്ടായ വയനാടിനെ കൈപിടിച്ചുയർത്താൻ ഒറ്റക്കെട്ടായി പോരാടുകയാണ് കേരളം. ജീവൻ പോലും പണയം വച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയവരും, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തന്റെ ടെക്‌സ്റ്റൈൽ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകിയ കരീമിനെപ്പോലുള്ളവരും, ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം നൽകുന്നവരുമൊക്കെയുള്ള നാടാണ് നമ്മുടേത്.

പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ അച്ഛനെയോ അമ്മയേയോ ഒക്കെ നഷ്ടപ്പെട്ടവരുമുണ്ട്. ഇതിനിടയിൽ, 'കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്' എന്ന് പറഞ്ഞുകൊണ്ടുള്ള ഒരാളുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടേതായിരുന്നു ആ സന്ദേശം. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വയനാട്ടിൽ നിന്ന് ഫോൺകോളെത്തി. പറ്റാവുന്ന അത്രയും വേഗത്തിൽ എത്തണമെന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. ഇതിനുപിന്നാലെ സജിനും കുടുംബവവും വയനാട്ടിലേക്ക് തിരിച്ചു.

'ഞാൻ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. അമ്മയില്ലാതാകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ അറിയാം. അതുകൊണ്ടാണ് ഞാൻ ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ അദ്ദേഹം പിന്തുണച്ചു.'- സജിന്റെ ഭാര്യ ഭാവന ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ദമ്പതികൾക്ക് നാല് വയസുള്ള ഒരു കുട്ടിയും നാല് മാസം പ്രയമുള്ള കുഞ്ഞുമാണുള്ളത്.

post

അതേസമയം, വയനാട്ടിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ നിന്ന് രാവിലെ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ആകെ മരണസംഖ്യ 267 ആയി ഉയർന്നു.