കൽപ്പറ്റ: സൈന്യം ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർ തിരച്ചിൽ കൂടുതൽ ശക്തമാക്കിയതോടെ ഉരുൾപൊട്ടലിന്റെ രൂപത്തിൽ പ്രകൃതി സംഹാര താണ്ഡവമാടിയ മുണ്ടക്കൈയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചുതുടങ്ങി. കഴിഞ്ഞദിവസം കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയ വീടിനുള്ളിൽ നിന്ന് ഇന്നുരാവിലെ ഒരു മൃതദേഹം കൂടി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ചാലിയാർ പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ 277 ആയി ഉയർന്നിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് യന്ത്രസഹായത്താേടെ പരിശോധന നടത്തുന്നുണ്ട്. കൂടുതൽ ഹിറ്റാച്ചികൾ എത്തിച്ചതോടെ തിരച്ചിലിന് വേഗത കൂടിയിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടുകിടക്കുന്ന മൃതദേഹങ്ങൾ മണത്തുകണ്ടുപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളെയും തിരച്ചിലിന് ഉപയോഗിക്കുന്നു. ചൂരൽ മലയിൽ ഉൾപ്പടെ തിരച്ചിൽ കൂടുതൽ ശക്തമാകുന്നതോടെ മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഇന്ന് ഉച്ചയോടെ പൂർത്തിയാവുമെന്നാണ് കരുതുന്നത്. അതിനുശേഷമേ ചൂരൽ മലയിലേക്ക് യന്ത്രങ്ങൾ എത്തിച്ച് തിരച്ചിൽ കൂടുതൽ ശക്തമാക്കാൻ കഴിയൂ. ഇപ്പോൾ മുണ്ടക്കൈയിൽ പതിനഞ്ച് ഹിറ്റാച്ചികളാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ കട്ടിംഗ് മെഷീനുകളും ആംബുലൻസുകളും എന്നിവ ഉടൻ എത്തിക്കും.
ബെയ്‌ലി പാലത്തിനൊപ്പം ഒരു നടപ്പാലവും സൈന്യത്തിന്റെ എൻജിനീയറിംഗ് വിഭാഗം സജ്ജമാക്കുന്നുണ്ട്. മഴയുടെയും പുഴയിലെ ഒഴുക്കിന്റെയും ശക്തി കുറഞ്ഞത് രക്ഷാപ്രവർക്കർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ പ്രദേശമാകെ നിറഞ്ഞുനിൽക്കുന്ന ചെളി കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അപകടമില്ലെന്ന് ഉറപ്പാക്കി ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തർ മുന്നോട്ടുനീങ്ങുന്നത്.
ഇരുനൂറിലധികംപേരെ ഇനിയും കണ്ടെത്താനുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8302 പേർ കഴിയുന്നുണ്ട്. ഇവർക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്താൻ അവരുടെ ബന്ധുക്കളെ ദുരന്ത സ്ഥലത്തെത്തിച്ച് വീടുകൾ നിന്ന സ്ഥലങ്ങൾ ഉൾപ്പടെ സ്പോട്ടുചെയ്യാനും അധികൃതർ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഇന്ന് ദുരന്ത സ്ഥലങ്ങൾ സന്ദർശിക്കും.
കണ്ണീർ കാഴ്ച
മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലെ രംഗങ്ങൾ ഹൃദയഭേദകമാണ്. വെള്ളത്തുണിയിൽ പൊതിഞ്ഞ തങ്ങളും ഉറ്റവരുടെ മൃതദേഹങ്ങൾക്കുമുന്നിൽ അലമുറയിടുന്നവരെ സമാധാനിപ്പിക്കാൻ ആർക്കും കഴിയില്ല. ഇതുവരെ 75 മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.