seema-g-nair

തിരുവനന്തപുരം: കേരള കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട് മുണ്ടക്കെെയിലും ചൂരൽമല ഗ്രാമങ്ങളിലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 270 പേരുടെ ജീവൻ പൊലിഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. സെെന്യമുൾപ്പടെയെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് സിനിമാ സീരിയൽ താരം സീമ ജി നായർ.

'ഹിബ ജാസ്‌മിൻ' എന്ന യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം നൽകിയ വാർത്തയെക്കുറിച്ചാണ് സീമ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന 'മംഗല്യം' എന്ന സീരിയലിന്റെ ക്യാമറമാനായ ഷിജു വയനാട് ദുരന്തത്തിൽ മരിച്ചിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ 'ഹിബ ജാസ്മീൻ' എന്ന യൂട്യൂബ് ചാനൽ ഈ വാർത്ത തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നൽകിയത്.

'വയനാട് ദുരന്തത്തിൽ മംഗല്യം സീരിയൽ താരത്തിനും ദാരുണാന്ത്യം. കണ്ണീരോടെ സീരിയൽ താരങ്ങൾ' എന്ന ക്യാപ്ഷനിലാണ് യൂട്യൂബിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സിമ പ്രതികരിച്ചത്. എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നതെന്നും വയനാട് ദുരന്തവും മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുതെന്നും സീമ കുറിച്ചു. ഇത്രയും ആർട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ട് ഇതുമാതിരി ഹെഡിംഗ് കൊടുക്കുമ്പോൾ എത്രയോ പേർക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നതെന്നും സീമ ചോദിച്ചു. സീമയുടെ പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. യൂട്യൂബ് ചാനലിനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം

എന്തിനാണ് ഇത്രയും പച്ച നുണ എഴുതി വിടുന്നത്. ഇത്രയും ആർട്ടിസ്റ്റുകളുടെ ഫോട്ടോ കൊടുത്തിട്ടു ഇതുമാതിരി ഹെഡിംഗ് കൊടുക്കുമ്പോൾ എത്രയോ പേർക്കാണ് മാനസിക ബുദ്ധിമുട്ടു ഉണ്ടാക്കുന്നത്. ഫോക്കസ് പുള്ളർ ഷിജു എന്ന് എഴുതിയാൽ നിങ്ങൾക്ക് എന്താണ് കുഴപ്പം. വയനാട് ദുരന്തവും മരണങ്ങളും ദയവു ചെയ്തു വിറ്റ് കാശാക്കരുത്. ഞാൻ തന്നെ ഇത് കണ്ടു ഞെട്ടിപ്പോയി. അങ്ങനെയാണ് ഇത് വായിച്ചത്. കഷ്ട്ടം സീരിയൽ താരത്തിന് ദാരുണാന്ത്യം എന്ന്. ദയവു ചെയ്ത്കാശുണ്ടാക്കാനായി ഇതുപോലുള്ള വാർത്തകൾ പടച്ചു വിടരുത്.