
പണ്ടൊക്കെ ഒരു ലോൺ കിട്ടണമെങ്കിൽ പെടാപ്പാടുപെടണമായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയെല്ലാം മാറി. ഡിജിറ്റൽ വായ്പകൾ ഉൾപ്പടെ മിനിട്ടുകൾക്കകം ലഭിക്കുന്നു. തിരിച്ചടവിന്റെ കാര്യത്തിലും ഇതുപോലെയാണെന്ന് ഓർത്താൽ നന്ന്. തിരിച്ചടവ് ഒരുദിവസം വൈകിയാൽപ്പോലും പുലിവാലാകും.
എന്നാൽ പല കാരണങ്ങൾ കൊണ്ടും വ്യക്തിഗത ലോണുകളുടെ തിരിച്ചടവ് മുടങ്ങിപ്പോകാറുണ്ട്. ഇത്തരത്തിൽ വായ്പാ തിരിച്ചടവ് പലതവണ മുടങ്ങിയാലും അധികം വിഷമിക്കേണ്ടെന്നാണ് ബാങ്കിംഗ് വിദഗ്‌ധർ പറയുന്നത്. വായ്പാ തിരിച്ചടവ് പലതവണ മുടങ്ങുമ്പോൾ ആ വ്യക്തിക്ക് ബാങ്ക് നോട്ടീസ് അയയ്ക്കും. ഇങ്ങനെ നോട്ടീസ് ലഭിച്ച വ്യക്തി വായ്പാ തിരിച്ചടവ് മുടങ്ങാനിടയായ കാര്യം സത്യസന്ധമായി ബാങ്കിനെ അറിയിച്ചാൽ പുനഃക്രമീകരിച്ചുനൽകാൻ ചില ബാങ്കുകൾ തയ്യാറായേക്കും. തിരിച്ചടവ് മുടങ്ങിയ ആൾക്ക് നേരത്തേ നിശ്ചയിച്ചിട്ടുള്ള തുകയെക്കാൾ കുറഞ്ഞ തുക ഒറ്റത്തവണയായി അടച്ച് ലോൺ സെറ്റിൽമെന്റ് ചെയ്യാനുള്ള അവസരമാകും മിക്കപ്പോഴും ലഭിക്കാറുള്ളത്.
ഇങ്ങനെ ചെയ്യുമ്പാേൾ ലോൺ എടുത്ത ആളിന് താൽക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് അവർക്ക് വായ്പ എടുക്കാൻ ആവാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇങ്ങനെ തുക നൽകി ലോൺ ഇടപാട് തീർക്കുമ്പോൾ പൂർണമായി അടച്ചുതീർത്ത കടം എന്നതിനുപകരം സെറ്റിൽമെന്റ് എന്നായിരിക്കും ക്രെഡിറ്റ് ബ്യൂറോകളിൽ രേഖപ്പെടുത്തുക. പണം മുഴുവൻ അടച്ചെന്നല്ല, കൊടുക്കാനുള്ള പണം സെറ്റിൽമെന്റാക്കുകയാണ് ഇവിടെ ബാങ്കുകൾ ചെയ്യുന്നതെന്നാണ് ബാങ്ക് ബസാറിന്റെ സിഇഒ ആദിൽ ഷെട്ടി വിശദീകരിക്കുന്നത്. അതായത് ലോണെടുക്കുന്ന സമയം ആ വ്യക്തിയും ബാങ്കുമായി ഏർപ്പെട്ട കരാർ പ്രകാരമുള്ള മുഴുവൻ പണവും അടച്ചിട്ടില്ലെന്നും അതിലും കുറഞ്ഞ തുക അടച്ച് സെറ്റിൽ ചെയ്യുകയായിരുന്നു എന്നുമാണ് അർത്ഥമാക്കുന്നത്.
ഇങ്ങനെ രേഖപ്പെടുത്തിയാൽ ആ വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ കുത്തനെ താഴേക്കുപോകും. പിന്നൊരു തിരിച്ചുകയറ്റം അസാദ്ധ്യമായിരിക്കും. അതിനാൽ മറ്റൊരു ബാങ്കിൽ നിന്ന് എന്താവശ്യത്തിനായാലും ഒരു ലോണെടുക്കുക എന്നത് ഒരിക്കലും നടപ്പാകാത്ത ഒരു സ്വപ്നമായി അവശേഷിക്കും. ക്രെഡിറ്റ് സ്കോർ നോക്കാതെ ഒരു ബാങ്കും ലോൺ തരില്ലെന്നും അറിയുക. ഏറ്റവും എളുപ്പമുള്ള വഴി വായ്പകളുടെ തിരിച്ചടവ് മുടങ്ങാതെ നോക്കുക എന്നതാണ്. അല്ലെങ്കിൽ ചെന്നുവീഴുന്നത് പടുകുഴിയിലായിരിക്കുമെന്ന് ഉറപ്പ്.