investment

പെൺകുട്ടികൾക്ക് സുരക്ഷിതമായ ഭാവിയൊരുക്കുന്നവരാണ് മാതാപിതാക്കൾ. അതിനാൽത്തന്നെ അവരുടെ വിദ്യാഭ്യാസത്തിനും മ​റ്റുളള ആവശ്യങ്ങൾക്കുമായി വിവിധ തരത്തിലുളള നിക്ഷേപപദ്ധതികളിലും ഒട്ടുമിക്കവരും ഭാഗമാകാറുണ്ട്. പെൺകുട്ടികളുടെ ചെറിയ പ്രായം മുതൽക്കേ രക്ഷിതാക്കൾ ഇത്തരത്തിലുളള പദ്ധതികളിൽ ചേരും. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന കേന്ദ്ര സ‌ർക്കാരിന്റെ ഒരു പദ്ധതി പരിചയപ്പെടാം. സുകന്യ സമൃദ്ധി യോജന(എസ് എസ് വൈ) എന്നാണ് പദ്ധതിയുടെ പേര്.

പ്രതിമാസം ചെറുതും വലുതുമായ നിക്ഷേപം നടത്തി മികച്ച ഒരു തുക സമ്പാദിക്കാൻ ഇതിലൂടെ സാധിക്കും. കൂടുതൽ നികുതി ആനുകൂല്യങ്ങളും എസ് എസ് വൈയിലൂടെ ലഭിക്കും. പ്രതിമാസം 12,500 രൂപയുടെ നിക്ഷേപമാണ് നിങ്ങൾ നടത്തുന്നതെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ 70 ലക്ഷം രൂപ വരെ സമ്പാദിക്കാൻ കഴിയും.പോസ്​റ്റ് ഓഫീസുകളിലൂടെയും ബാങ്കുകളിലൂടെയും ഈ പദ്ധതിയുടെ ഭാഗമാകാം. നിങ്ങളുടെ നിക്ഷേപത്തിന് പ്രതിവർഷം 8.2 ശതമാനം നിരക്കിൽ പലിശയും ലഭിക്കും.

പത്ത് വയസിന് താഴെ പ്രായമുളള പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് പദ്ധതിയിൽ ചേരാവുന്നതാണ്. 250 രൂപ നിക്ഷേപിച്ച് എസ് എസ് വൈയുടെ ഭാഗമാകാം. ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന ഏ​റ്റവും വലിയ തുക ഒന്നര ലക്ഷം രൂപയാണ്. നിക്ഷേപം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് നിക്ഷേപകരാണ്. പ്രതിമാസത്തിലോ അല്ലെങ്കിൽ സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു തവണയോ നിക്ഷേപം നടത്താം. 21 വർഷമാണ് പദ്ധതിയുടെ കാലാവധി.


എങ്ങനെ 70 ലക്ഷം സമ്പാദിക്കാം?
പദ്ധതിയിലൂടെ 70 ലക്ഷം രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുവാണെങ്കിൽ പ്രതിമാസം 12,500 രൂപയോ അല്ലെങ്കിൽ സാമ്പത്തികവർഷത്തിൽ ഒന്നര ലക്ഷം രൂപയോ നിക്ഷേപിക്കണം. അങ്ങനെ 15 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 22,50,000 രൂപയാകും. ഇതിനോടൊപ്പം 8.2 ശതമാനം പലിശയും കൂടി കണക്കാക്കുമ്പോൾ ആകെ തുക 46,77,578 രൂപയാകും. അതായത് പദ്ധതിയുടെ കാലാവധി (21) അവസാനിക്കുന്നതോടെ മെച്യൂരി​റ്റി തുകയായി 69,27,578 രൂപ( ഏകദേശം 70 ലക്ഷം) രൂപ ലഭിക്കും.