നിരവധി പേരാണ് ഈ കാലഘട്ടത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നത്. വിദേശരാജ്യങ്ങളിൽ പഠനത്തിനും മറ്റും പോയി അവിടെ തന്നെ സ്ഥിരതാമസമാക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ സ്ഥിരതാമസക്കാർക്ക് യുഎസ് അനുവദിക്കുന്ന കാർഡാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ഉള്ള വ്യക്തിക്ക് യുഎസിൽ താമസിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്.
യുഎസ് പൗരത്വം നേടുന്നതിന് മുൻപുള്ള ഒരു നിർണായക വഴിയാണ് ഗ്രീൻ കാർഡ് എന്ന് തന്നെ പറയാം. യുഎസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ലെങ്കിലും ഗ്രീൻ കാർഡ് ഉള്ളവർക്ക് യുഎസ് പൗരന്മാരുടേതിന് സമാനമായ നിരവധി അവകാശങ്ങൾ രാജ്യം നൽകുന്നു.
ഇപ്പോഴിതാ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രീൻ കാർഡ് ഉള്ള അർഹരായ ആളുകൾക്ക് പൗരത്വം നൽകാൻ ഒരുങ്ങുകയാണ് യുഎസ്. ഗവൺമെന്റ് വിവിധ അഭിഭാഷക ഗ്രൂപ്പുകൾക്കൊപ്പം ചേർന്ന് ഗ്രീൻ കാർഡ് ഉടമകൾക്ക് പൗരത്വം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ പൗരത്വം ലഭിക്കുന്നവർക്ക് വോട്ടവകാശവും മറ്റ് അനുകൂല്യങ്ങളും ലഭിക്കും.
യുഎസ് പൗരത്വത്തിന്റെ നേട്ടം
ഒരു ഗ്രീൻ കാർഡ് ഉടമയെ യുഎസ് പൗരത്വം ലഭിക്കണമെങ്കിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ കാലതാമസം എടുക്കും. താമസ കാലയളവ്, സ്വഭാവം, ഇംഗ്ലീഷ് ഭാഷയിലെ പരീക്ഷകളിൽ വിജയം എന്നിവ കണക്കിലെടുത്താണ് പൗരത്വം നൽകുന്നത്. ഗ്രീൻ കാർഡ് ഉടമയ്ക്ക് പൗരത്വം കിട്ടുന്നതിലൂടെ നിരവധി നേട്ടകളാണ് ലഭിക്കുന്നത് .
വോട്ടവകാശം
യുഎസ് പൗരത്വം ലഭിച്ചാൽ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ നിങ്ങൾക്കും പൂർണമായും പങ്കെടുക്കാൻ കഴിയുന്നു. വോട്ടവകാശം നൽകുകയും രാജ്യം ഭരിക്കുന്നവരെ നിങ്ങൾക്ക് അതിലൂടെ തിരഞ്ഞെടുക്കാൻ കഴിയുകയും ചെയ്യുന്നു.
മത്സരിക്കാൻ യോഗ്യത
പൊതുസ്ഥാപനങ്ങളിലേക്കും ഭരണമേഖലയിലേക്കും മത്സരിക്കാനുള്ള അവകാശം ലഭിക്കുന്നു.
ഇമിഗ്രേഷന്റെ ആവശ്യമില്ല
പൗരത്വം നേടി കഴിഞ്ഞാൽ പിന്നെ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗം ആവേണ്ടതില്ല. ഇതിലൂടെ ഇമിഗ്രേഷന് നൽകി വന്നിരുന്ന ഫീസ് ലാഭിക്കാം.
പുതിയ തൊഴിലവസരങ്ങൾ
പൗരത്വത്തിലൂടെ നിങ്ങൾക്ക് കൂടുതൽ പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലും നിങ്ങൾക്ക് ജോലി ചെയ്യാവുന്നതാണ്.
സർക്കാർ സഹായം
സോഷ്യൽ സെക്യൂരിറ്റിയും മെഡികെയറും ഉൾപ്പെടെ വിപുലമായ സർക്കാർ സഹായങ്ങൾ ലഭിക്കും.
കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാം
യുഎസ് പൗരത്വം ലഭിച്ചാൽ അവർക്ക് അവരുടെ മാതാപിതാക്കൾ ബന്ധുക്കൾ എന്നിവരെ സ്പോൺസർ ചെയ്യാൻ കഴിയും. ഇതിലൂടെ ഇവരെയും യുഎസിൽ എത്തിക്കാൻ സാധിക്കുന്നു.
കുട്ടികൾക്ക് പൗരത്വം
പൗരത്വം ലഭിച്ചവരുടെ കുട്ടികൾക്ക് യുഎസ് പൗരത്വം ലഭിക്കുന്നു.
യുഎസ് പാസ്പോർട്ട്
യുഎസ് പൗരത്വം ലഭിച്ചാൽ യുഎസ് പാസ്പോർട്ട് ലഭിക്കുന്നു. ഒപ്പം അതിലെ ആനൂകൂല്യങ്ങളും ലഭിക്കും. 180 ലധികം രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാൻ നിങ്ങൾക്ക് കഴിയും.
പൗരത്വം നേടാൻ ചെയ്യേണ്ടത്
ഗ്രീൻ കാർഡ് ഉള്ളവർ പൗരത്വത്തിനായി ആദ്യം അപേക്ഷ സമർപ്പിക്കണം. N-400 എന്ന ഫോമിൽ വിവരങ്ങൾ ഉൾപ്പെടുത്തി ഓൺലെെനായോ യുഎസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസിലേക്ക് ഒരു അപേക്ഷ മെയിൽ ചെയ്യുക. ശേഷം ബയോമെട്രിക്സ് അപ്പോയിന്റമെന്റ് ഷെഡ്യൂൾ ചെയ്യണം.
ഇതിൽ വിരലടയാളം ഉൾപ്പെടെ എടുത്ത് പരിശോധന നടത്തും. അപേക്ഷ സമർപ്പിച്ച് ഏകദേശം 14 മാസങ്ങൾക്ക് ശേഷം അഭിമുഖം ഉണ്ടായിരിക്കും. ശേഷം പരീക്ഷ നടത്തുന്നു. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യവും യുഎസ് പൗരത്വത്തെക്കുറിച്ചുള്ള അറിവും പരിശോധിക്കാനാണ് ഈ പരീക്ഷ. അതിൽ വിജയിച്ചാൽ സത്യപ്രതിജ്ഞ ചടങ്ങാണ്. ഈ ചടങ്ങ് നിങ്ങൾ യുഎസ് പൗരനാകുന്ന ഔദ്യോഗിക ചടങ്ങാണ്. ഇതിന് ശേഷം നിങ്ങൾക്ക് പൗരത്വ സർട്ടിഫിക്കറ്റ് ലഭിക്കുന്നു.
പെട്ടെന്നുള്ള പൗരത്വം
പ്രസിഡന്റ് ജോ ബെെഡന്റെ ഭരണത്തിന് കീഴിൽ അർഹരായ ഗ്രീൻ കാർഡ് ഉടമകൾക്ക് വെറും മൂന്നാഴ്ചയ്ക്കുള്ളിൽ യുഎസ് പൗരത്വം നേടാനാവുമെന്നാണ് ഏഷ്യൻ അമേരിക്കൻ പലഫിക് ഐലൻഡേഴ്സ് (എഎപിഐ) വിക്ടറി ഫണ്ടിന്റെ ചെയർമാനും സ്ഥാപകനുമായ ശേഖർ നരസിംഹൻ അറിയിച്ചത്.
വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കമല ഹാരിസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നതാണ് വേഗം പൗരത്വം നൽകുന്നതിന്റെ മറ്റൊരു കാരണമായി റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഇന്ത്യൻ വംശജയാണ് കമല ഹാരിസ്. ഏകദേശം 4.4 ദശലക്ഷം ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
വെല്ലുവിളി
പൗരത്വം നൽകാൻ യുഎസ് തയ്യാറാണെങ്കിലും നിരവധി വെല്ലുവിളികൾ ഇതിനായി നേരിടേണ്ടിവരും. അപേക്ഷ പ്രക്രിയ, രേഖങ്ങൾ ശരിയാക്കുക, അഭിമുഖങ്ങൾ, ടെസ്റ്റുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. സാമ്പത്തിക നിലയും പരിഗണിക്കും. കൂടാതെ യുഎസ് പൗരത്വം നേടുമ്പോൾ സ്വന്തം രാജ്യത്തെ പൗരത്വം ഉപേക്ഷിക്കേണ്ടിവരും. പൗരത്വം ഒരു കടലാസ് കഷ്ണം മാത്രമല്ല ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനുള്ള പ്രതിബന്ധത കൂടിയാണെന്ന് നരസിംഹൻ വ്യക്തമാക്കുന്നു. അതിനാൽ തന്നെ നിരവധി കടമ്പകൾ ഇതിനായി കടക്കണം.