ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രമായ 'താനാര'തീയേറ്ററിലെത്താൻ പോകുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കല്യാണം കഴിപ്പിക്കാൻ പോകുന്ന ഒരു ആണിനോടും പെണ്ണിനോടും പ്രധാനമായും ചോദിക്കേണ്ടത് സെക്ഷ്വലി ഇന്ററസ്റ്റഡ് ആണോ എന്നാണെന്നാണ് താരം പറയുന്നു. എന്നാൽ അത്തരമൊരു ചോദ്യം വിവാഹത്തിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
'സ്ത്രീയാണെങ്കിൽ ആണിനോട് താത്പര്യമുണ്ടെങ്കിൽ മാത്രമല്ലേ ആണിനെ കല്യാണം കഴിപ്പിക്കേണ്ടൂ. നിങ്ങൾക്ക് ആണിനോടാണോ പെണ്ണിനോടാണോ താത്പര്യമെന്ന ചോദ്യം ഉണ്ടാകുന്നുണ്ടോ. ഞാൻ എന്റെ പെങ്ങളോടോ അല്ലെങ്കിൽ ആരോടും ആ ചോദ്യം ചോദിച്ചിട്ടുണ്ടായിരിക്കില്ല. നമ്മൾ ചോദിക്കുന്നത് ചെക്കന്റെ ജോലിയും, പെണ്ണിന്റെ ജോലിയും, സ്വത്തും, ബാങ്ക് ബാലൻസുമൊക്കെയാണ്. ഇതൊക്കെ കഴിഞ്ഞ്, കല്യാണം കഴിഞ്ഞ് നടക്കേണ്ട സംഭവമാണല്ലോ. അതിൽ തത്പരരാണോയെന്ന് പോലും ചോദിക്കുന്നില്ല. അങ്ങനെയുള്ള ബന്ധങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരുപാടുണ്ട്. അതുകൊണ്ടാണ് പല ബന്ധങ്ങൾക്കും നിലനിൽപ്പില്ലാത്തത്. പണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും അവരാരും പുറത്തേക്ക് സംസാരിക്കുകയോ, അതിന്റെ പേരിൽ വേർപിരിയുകയോ ചെയ്തിരുന്നില്ല. പക്ഷേ അതിന്റെ ആവശ്യമില്ല.'- ഷൈൻ ടോം പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് കേൾക്കുന്നത് തന്നെ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാമെന്നും, ഡോക്ടർമാരോട് പോലും ഈ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ പലർക്കും മടിയാണെന്നും അദ്ദേഹം പറഞ്ഞു.