landslide

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ നടക്കുന്നുമുണ്ട്. മരിച്ചതിനേക്കാൾ പലമടങ്ങ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മാനസികമായി തകർന്നവർ അതിന്റെ എത്രയോ ഇരട്ടി ഉണ്ടാകും. ഈ ജീവിതത്തിൽ അവർ ആ ആഘാതത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടില്ല. ഇവരുടെ മാനസിക പുനരധിവാസം തന്നെ പ്രധാനമായ ഒരു ജോലിയാണെന്ന് പറയുകയാണ് ഐക്യരാഷ്‌ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.

ദുരന്തത്തിന് ഇടയായവർ ഈ ജീവിതത്തിൽ ആ ആഘാതത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടില്ല. ഇവരുടെ മാനസിക പുനരധിവാസം തന്നെ പ്രധാനമായ ഒരു ജോലിയാണ്, വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതും. സ്വന്തം വീടും സമ്പാദ്യവും എന്തിന് നിന്നിരുന്ന ഭൂമി പോലും ഇല്ലാതായവർ എത്രയോ പേർ. ഇവിടെയാണ് നമുക്കൊക്കെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതെന്ന് തുമ്മാരുകുടി പറയുന്നു.

എഴുത്തിന്റെ പൂർണരൂപം-

കേരളമെന്ന പേരു കേൾക്കുമ്പോൾ അഭിമാനപൂരിതം...

ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് കൂടുതൽ ആളുകൾ മരിച്ച ഒറ്റ പ്രകൃതി ദുരന്തമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. 2004 ലെ സുനാമിയിൽ കേരളത്തിൽ 172 പേർ മരിച്ചു എന്നാണ് കണക്ക്. അതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും വലിയ ഒറ്റ ദുരന്തം.

2018 ലെ പ്രളയത്തിലും പെരുമഴയിലും 480 പേർ മരിച്ചു. പക്ഷെ അത് പല ദിവസങ്ങളിൽ പലയിടത്തായിട്ടാണ് സംഭവിച്ചത്.

ഇതിപ്പോൾ ഒരു മലഞ്ചെരുവിൽ ഒറ്റ രാത്രിയിലാണ് 270 പേർ മരിച്ച കണക്ക് വരുന്നത്. ഇനിയും അനവധി പേരെ കണ്ടെടുക്കാനുണ്ട്. ഒരുപാട് പേരെ കണ്ടെടുക്കാൻ പറ്റിയില്ല എന്ന് വരും. ടൂറിസ്റ്റുകളും മറുനാടൻ തൊഴിലാളികളും ഉൾപ്പെടെ കണക്കില്ലാത്തവർ വേറെയും കാണും. ഈ വർഷം മെയ് മാസത്തിൽ പാപുവ ന്യൂ ഗിനിയയിൽ ഒരു മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ മണ്ണിടിച്ചിൽ ദുരന്തമായിരുന്നു അത്. കേരളത്തിലെ ദുരന്തം അതിനെ കടത്തിവെട്ടുമോ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.

ഒരാഴ്ച എങ്കിലും എടുക്കും ദുരന്തത്തിന്റെ ഏകദേശ കണക്കുകൾ കിട്ടാൻ. ഇപ്പോൾ ദുരന്തത്തിന്റെ ധാരാളം ചിത്രങ്ങളും ഡ്രോൺ വീഡിയോകളും കണ്ടെങ്കിലും ദുരന്തത്തിൽ പെട്ട സ്ഥലം ഏകദേശം സ്കെച്ച് ചെയ്ത ഒരു മാപ്പ് ഇതുവരെ കണ്ടില്ല. അതിൽ നിന്നും ഏകദേശം കാര്യങ്ങളുടെ പോക്ക് അറിയാൻ പറ്റും.

മരിച്ചതിനേക്കാൾ പലമടങ്ങ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മാനസികമായി തകർന്നവർ അതിന്റെ എത്രയോ ഇരട്ടി ഉണ്ടാകും. ഈ ജീവിതത്തിൽ അവർ ആ ആഘാതത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടില്ല. ഇവരുടെ മാനസിക പുനരധിവാസം തന്നെ പ്രധാനമായ ഒരു ജോലിയാണ്, വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതും. സ്വന്തം വീടും സമ്പാദ്യവും എന്തിന് നിന്നിരുന്ന ഭൂമി പോലും ഇല്ലാതായവർ എത്രയോ പേർ. ഇവിടെയാണ് നമുക്കൊക്കെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത്.

കേരളത്തിൽ നിന്നും ദുരന്തം കൈകാര്യം ചെയ്യുന്നതിന്റെ വാർത്തകൾ ശ്രദ്ധിക്കുന്നു.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മുതൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആളുകളുടെ സംഭാഷണം വരെ.

സ്വിച്ചിട്ട പോലെയാണ് കേരളത്തിലെ സമൂഹം ദുരന്ത സമയത്ത് സ്വഭാവം മാറ്റുന്നതും ഉയർന്നു പ്രവർത്തിക്കുന്നതും. മാദ്ധ്യമങ്ങളിൽ, രാഷ്ട്രീയത്തിൽ, സമൂഹ മാദ്ധ്യമങ്ങളിൽ എല്ലാം മലയാളികളുടെ പെരുമാറ്റം കാണുമ്പോൾ ചിലപ്പോൾ നിരാശ തോന്നാറുണ്ട്. "എന്താടോ നന്നാവാത്തെ" എന്ന് ചോദിക്കാറുമുണ്ട്.

എന്നാൽ ഒരു ദുരന്തം വരുമ്പോൾ നമ്മൾ അതിനെ കൈകാര്യം ചെയ്യുന്ന രീതി ലോകത്തിന് മാതൃകയാണ്. കേരളത്തിലെവിടെ നിന്നും വയനാട്ടിലേക്ക് സഹായം പ്രവഹിക്കുന്നു, അങ്ങോട്ട് പോകാൻ ആളുകൾ റെഡി. പല ദുരന്തസാഹചര്യങ്ങളിലും കുറച്ചു സന്നദ്ധ പ്രവർത്തകരെ അവിടെ എത്തിക്കാൻ സഹായിക്കണമെന്ന് എന്നോട് ആളുകൾ അഭ്യർത്ഥിക്കാറുണ്ട്. ഇവിടെ കാര്യങ്ങൾ തിരിച്ചാണ്. ആ നാടിന് വേണ്ടതിനേക്കാൾ ആളുകൾ പോകാൻ റെഡിയാണ്.

അപകടത്തിൽ പെട്ടവരോടുള്ള പൂർണ്ണമായ തന്മയീഭാവം ആണ് എല്ലാവരിലും. ആരും ആരെയും സഹായിക്കുന്ന രീതിയല്ല. നമുക്ക് എന്തെങ്കിലും വന്നാൽ മറ്റുള്ളവർ എന്ത് ചെയ്യുമായിരുന്നോ അത് നമ്മളും ചെയ്യുന്നു എന്ന രീതി. സഹായം നമ്മുടെ ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് ആളുകൾക്ക് തോന്നിക്കുന്ന രീതി.

ഇനി ഈ താല്പര്യം ദുരന്തമുണ്ടാകുന്നതിന് മുൻപും, ഓരോ മഴക്കാലത്തിന് മുൻപും, ഓരോ ചുഴലിക്കാലത്തിന് മുൻപും, തയ്യാറെടുപ്പുകൾ ചെയ്യുന്ന രീതിയിലേക്ക് കൂടി വളർത്താൻ സാധിച്ചാൽ നമ്മൾ തീർച്ചയായും ‘റെസിലിയന്റ് സൊസൈറ്റി’ യുടെ ലോക മാതൃകയാകും.

മാറുന്ന കാലാവസ്ഥയുടെ സാഹചര്യത്തിൽ, ഉയർന്നു വരുന്ന നഗരവത്കരണത്തിന്റെ സാഹചര്യത്തിൽ, പുതിയ ഡെമോഗ്രഫിയുടെ സാഹചര്യത്തിൽ നമുക്ക് പുതിയ ശീലങ്ങൾ ഉണ്ടാക്കിയേ പറ്റൂ.

ഈ ദുരന്തകാലം ഒന്ന് കഴിഞ്ഞോട്ടെ, ബാക്കി പിന്നീട് പറയാം.

ഏറെ ദുഃഖത്തോടൊപ്പം ഏറെ അഭിമാനം!

മുരളി തുമ്മാരുകുടി