sana

"എത്രമേൽ സരസമാം ലക്ഷ്യങ്ങൾ.. അത്രമേൽ കഠിനമോ മാർഗങ്ങൾ.. ഈ മണ്ണിലാണ് സ്വർഗം.. ഈ നിമിഷമാണ് പറുദീസ.. മുന്നോട്ട്.. മുന്നോട്ട്.. മുന്നോട്ട്.." സൗബിൻ ഷാഹിർ നായകനായി എത്തിയ 'അമ്പിളി' എന്ന ചിത്രത്തിലൂടെയായിരിക്കും മലയാളികൾ ഈ വരികളുടെ ആഴം കൂടുതൽ അറിഞ്ഞത്. യാത്രകളെ പ്രണയിക്കുന്ന ലക്ഷക്കണക്കിന് സഞ്ചാരികൾ നമ്മുടെ ഈ കൊച്ചുകേരളത്തിലുണ്ട്. ചിലർ ആരുമറിയാതെ യാത്രകൾ ആസ്വദിക്കുമ്പോൾ മറ്റുചിലർ തങ്ങൾ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ വിശേഷങ്ങൾ കാഴ്ചക്കാരിലേക്ക് എത്തിക്കാനും മറക്കാറില്ല.

ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ശ്രദ്ധ മുഴുവനും എത്തിയിരിക്കുന്നത് ഇരുപത്തിമുന്നുകാരിയിലേക്കാണ്. ഒറ്റയ്ക്ക് യാത്രകൾ ചെയ്ത് തുടങ്ങി ഇപ്പോൾ ആയിരത്തോളം സ്ത്രീകളുടെ ആഗ്രഹങ്ങൾ നിറവേറ്റിയ സംതൃപ്തിയിലാണ് ഈ പെൺകുട്ടി. സോഷ്യൽ മീഡിയയിൽ 'ട്രാവൽ വിത്ത് സന' എന്ന പേരിലറിയപ്പെടുന്ന റുക്‌സാനയുടെ വിശേഷങ്ങളറിയാം.

team

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ റുക്‌സാന സോഷ്യൽമീഡിയ വ്ലോഗർ എന്നതിലുപരി ആഗ്രഹങ്ങൾ പല കാരണങ്ങൾകൊണ്ടും മാറ്റിവച്ച് ജീവിക്കേണ്ടി വന്ന ഒരു കൂട്ടം സ്ത്രീകളുടെ സ്വന്തം സനയാണ്. എംബിബിഎസ് ബിരുദദാരിയായ റുക്‌സാനയ്ക്ക് യാത്രകളോട് പ്രണയം തോന്നിയതിന് ഒരേയൊരു കാരണം മാത്രമേയുളളൂ,​ പഠനം കഴിഞ്ഞ് വടകരയിൽ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. അപ്പോഴാണ് മരണം എത്ര പെട്ടെന്നാണ് ഉണ്ടാകുന്നതെന്ന സത്യം മനസിലാക്കാൻ സാധിച്ചത്.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് തുടങ്ങണമെന്ന ചിന്ത അപ്പോൾ മുതലാണ് റുക്‌സാനയ്ക്ക് ഉണ്ടായത്. ആദ്യം ഒറ്റയ്ക്ക് യാത്ര ചെയ്തു,​ പിന്നാലെയാണ് യാത്ര ചെയ്യാൻ ആഗ്രഹിച്ചെത്തിയ കുറച്ച് സ്ത്രീകളെ സന ഒപ്പം കൂട്ടിയത്. 'ഗ്രൂപ്പ് ട്രാവലിംഗ്' എന്ന ആശയം സനയുടെ മനസിൽ ഉദിച്ചതും അപ്പോഴായിരുന്നു.

മാസ്ക് ധരിക്കുന്നത്

മാസ്ക് ധരിച്ചുകൊണ്ടാണ് സന തന്റെ കൂടുതൽ വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നത്. അതിന് സനയ്ക്ക് കൃത്യമായ കാരണവും ഉണ്ട്. 'കൂടുതൽ എക്സ്പോസ് ചെയ്യുന്നവർക്ക് മാത്രമേ സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുമെന്നുളള തെറ്റായ ചിന്താഗതി ഒരു സമയത്ത് നിലനിന്നിരുന്നു. റീച്ച് കിട്ടുന്നതിന് അടിസ്ഥാനം എക്സ്പോസിംഗ് അല്ല എന്നുതെളിയിക്കാൻ വേണ്ടിയാണ് മാസ്ക് ധരിച്ച് വീഡിയോകൾ ചെയ്യാൻ ആരംഭിച്ചത്. കൂടാതെ സുരക്ഷിതത്വവും പ്രധാനപ്പെട്ട ഘടകമാണ്.'- സന കേരളകൗമുദി ഓൺലൈനോട് പറഞ്ഞു.

ruksana

ഒമ്പതിലധികം രാജ്യങ്ങളിൽ ഒറ്റയ്ക്ക് യാത്ര നടത്തിയതോടെയാണ് സംഘങ്ങളായി യാത്ര നടത്താനുളള ആത്മവിശ്വാസം സനയ്ക്ക് ലഭിച്ചത്. വയനാട്,​ മൂന്നാർ എന്നിവിടങ്ങളിലേക്കാണ് ആദ്യമായി ഗ്രൂപ്പ് ട്രാവലിംഗ് നടത്തിയത്. ഇപ്പോൾ നാലാമത്തെ കാശ്മീർ യാത്ര കഴിഞ്ഞ് നാട്ടിൽ തിരികെ എത്തിയതേയുളളൂ. 35 സ്ത്രീകളുമായിട്ടായിരുന്നു ആ യാത്ര. ലക്ഷദ്വീപിലെ മൂന്ന് യാത്രകൾ ഉൾപ്പടെ 35 യാത്രകൾ സന പൂർത്തിയാക്കി.

സുരക്ഷിതത്വം

സുരക്ഷിതത്വം എന്ന ഒരൊറ്റ കാരണം കൊണ്ടാണ് പല സ്ത്രീകളും സ്വയമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ യാത്രകൾ ചെയ്യുന്നത് ഒഴിവാക്കുന്നത്. അവരുടെ സുരക്ഷയ്ക്കായി അഞ്ചംഗ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രശ്നം ഉണ്ടായാൽ സ്വന്തമായി പ്രതിരോധിക്കാൻ ഒപ്പം കൂടുന്ന സ്ത്രീകളെ പ്രാപ്തരാക്കാനും മറക്കാറില്ല. പ്രതികരിക്കാനാണ് ആദ്യം സ്ത്രീകളെ പഠിപ്പിക്കുന്നത്.

travel

തന്നോടൊപ്പമുളള അഞ്ച് പെൺകുട്ടികളുടെ കൂടി വിജയമാണിതെന്ന് സന പറയുന്നു. ' മരിയ എന്ന പെൺകുട്ടിയെ കുറിച്ചാണ് എടുത്ത് പറയാനുളളത്. ഒരു ആൺകുട്ടി തരുന്ന എല്ലാ സപ്പോർട്ടും കൈക്കരുത്തും അവൾ ഞങ്ങൾക്ക് തരുന്നുണ്ട്. അങ്ങനെയൊരാൾ കൂടെ ഇല്ലെങ്കിൽ ഈ യാത്രകളെല്ലാം പാതിവഴിയിൽ നിന്ന് പോവുമായിരുന്നു'- സന പറയുന്നു.

ഒപ്പം 75 വയസുളള അമ്മമാരും

എല്ലാ പ്രായത്തിലുളള സ്ത്രീകളും യാത്ര ചെയ്യാനായി കരുത്തോടെ സമീപിക്കാറുണ്ട്. അറ് മാസം പ്രായമുളള കുട്ടികളെ കൊണ്ടുവരെ പല സ്ത്രീകളും യാത്ര ചെയ്യാനെത്തിയിട്ടുണ്ട്. 75 വയസുളള അമ്മമാരുടെ ഊർജം പറഞ്ഞറിയിക്കുന്നതിലുമപ്പുറമാണ്. എപ്പോഴൊക്കെയോ കുടുംബത്തോടൊപ്പം അല്ലെങ്കിൽ ഒ​റ്റയക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ആളുകളാണ് എത്തുന്നത്. അവരുടെ ആഗ്രഹമാണ് ഇവിടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. ഒരു യാത്രയിൽ ഒപ്പം കൂടിയ പലരും വീണ്ടും വരാറുണ്ട്. അങ്ങനെ മലേഷ്യയിലും ലക്ഷദ്വീപിലും രാജസ്ഥാനിലും തുടർച്ചയായി വന്നവരുണ്ട്. അവരുമായുളള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്.

team

പല തരത്തിലുളള അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു പരിചയവുമില്ലാത്ത നമ്മളെ സഹായിക്കാൻ മനസ് കാണിക്കുന്ന ഒരുപാട് നല്ലവരായ മനുഷ്യരുണ്ട്. അങ്ങനെയുളളവരെ ഒരിക്കലും മറക്കാൻ സാധിക്കില്ല. യാത്രയ്ക്കിടയിൽ മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് രണ്ടും തന്നത് മനുഷ്യർ തന്നെയാണ്.

ഇനി ലക്ഷദ്വീപിലേക്ക്

അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്. അതിലും 35 സ്ത്രീകളുണ്ട്. സെപ്റ്റംബറിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.നമുക്ക് ചു​റ്റും ഭംഗിയുളള ഒരു ലോകമാണ് ഉളളത്. പുരുഷൻമാർ എത്ര യാത്ര ചെയ്താലും സ്ത്രീകൾക്ക് ഇപ്പോഴും എവിടെയൊക്കെയോ ഒരു വിലക്കുണ്ട്. വീട്ടിൽ നിന്നും സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് വിളിക്കുന്ന ഒരുപാട് പേരുണ്ട്. കാരണമായി എല്ലാവരും പറയുന്നത് സുരക്ഷ തന്നെയാണ്. റിസ്‌ക് എടുത്താൽ മാത്രമേ എന്തെങ്കിലും സാധിക്കുകയുളളൂ.

View this post on Instagram

A post shared by Travelwithsana (@travel_withsana)