
വയനാട്: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിനാണ് ഇപ്പോൾ മുണ്ടക്കെെ സാക്ഷ്യം വഹിക്കുന്നത്. ഉരുൾപൊട്ടലിൽ മുണ്ടക്കെെയിലെ വെള്ളാർമല സ്കൂൾ പൂർണമായും തകർന്നത് നാം കണ്ടിരുന്നു. ഇപ്പോഴിതാ അവിടെ പഠിച്ചിരുന്ന വിദ്യാർത്ഥി എഴുതിയ കഥയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യാദ്യച്ഛികമായി എഴുതിയ കഥ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു.
സ്കൂളിലെ കുട്ടികൾ തയാറാക്കിയ 'വെള്ളാരങ്കല്ലുകൾ' എന്ന ഡിജിറ്റൽ മാഗസിനിലെ കഥയിലാണ് ഭാവിയിലെ ദുരന്തത്തെക്കുറിച്ച് പരമാർശമുള്ളത്. കെെറ്റ് സിഇഒ കെ അൻവർ സാദത്താണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വൻ ദുരന്തത്തെക്കുറിച്ച് ഒരു കിളി കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് കഥയിൽ പറയുന്നത്.
'ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഇവിടെ വലിയൊരു ആപത്തു വരാൻ പോകുന്നു. നിങ്ങൾക്കു രക്ഷപ്പെടണമെങ്കിൽ വേഗം ഇവിടെനിന്ന് ഓടി പൊയ്ക്കോളൂ', എന്ന് ഒരു കിളി കുട്ടികളെ ഓർമിപ്പിക്കുകയാണ്. ലയാ എന്ന കുട്ടിയാണ് ഈ കഥ എഴുതിയതെന്നും കുട്ടി ഇപ്പോൾ സുരക്ഷിതയാണെന്നും ആണെന്നും അൻവർ മറ്റൊരു പോസ്റ്റിൽ അറിയിച്ചിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കുട്ടികൾ കഴിഞ്ഞ വർഷം തയ്യാറാക്കിയ 'വെള്ളാരങ്കല്ലുകൾ' എന്ന ഡിജിറ്റൽ മാഗസിനിൽ 'ആഗ്രഹത്തിന്റെ ദുരനുഭവം' എന്ന പ്രവചന സ്വഭാവത്തോടെയുള്ള ലയാ മോളുടെ കഥയെപ്പറ്റി കഴിഞ്ഞ പോസ്റ്റിൽ എഴുതിയിരുന്നു . വയനാട്ടിൽ നിന്നും അറിഞ്ഞത് ലയ സേഫ് ആണെന്നാണ് , കുട്ടിക്ക് അടുത്തവരെ നഷ്ടപ്പെട്ടിട്ടുണ്ട് . ദയവ് ചെയ്ത് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ആരും ഇക്കാര്യത്തിനായി ഇവരെ ബന്ധപ്പെടാൻ ശ്രമിക്കരുത്. ആ പ്രദേശം അത്തരമൊരു മാനസികാവസ്ഥയിൽ അല്ലല്ലോ ?