bhavana

മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർ, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട സഹോദരി, അനാഥരായ പിഞ്ചുകുഞ്ഞുങ്ങൾ തുടങ്ങി വയനാട്ടിൽ എവിടെ നോക്കിയാലും മനസ് തകർക്കുന്ന കാഴ്ചകളാണ്. നൂറുകണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. സ്‌നേഹത്തോടെ അവരെ ചേർത്തുപിടിക്കുകയാണ് മലയാളികളൊന്നടങ്കം.

ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ല തങ്ങളുടെ സഹോദരങ്ങൾക്ക് വസ്ത്രങ്ങളും ആഹാരവും സാനിട്ടറി നാപ്കിൻസും അടക്കമുള്ളവ എത്തിക്കാൻ ഓടിനടക്കുകയാണ് കേരള ജനത. ഈ സ്‌നേഹവും കരുണയുമാണ് ദുരിതത്തിനിടയിലും അൽപമെങ്കിലും ആശ്വാസം നൽകുന്ന കാര്യം.

വയനാട്ടിലെ ദുരന്തത്തെക്കുറിച്ചും മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങളെക്കുറിച്ചും അറിഞ്ഞപ്പോൾ ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ ഭാവനയെ ഏറെ വേദനിപ്പിച്ചത് ആ പിഞ്ചോമനകൾക്ക് ആര് പാലൂട്ടും എന്നായിരുന്നു. ഏറ്റവും പ്രധാനപ്പെട്ടത്, എന്നാൽ അധികമാരും ചിന്തിക്കാത്ത ഒരു കാര്യമാണത്. വെറുതെ ചിന്തിക്കുക മാത്രമല്ല ചെയ്തത്. തന്റെ നാല് മാസം പ്രായമായ കുഞ്ഞിന് നൽകുന്ന മുലപ്പാൽ ഒരു പരിചയവുമില്ലാത്ത പിഞ്ചോമനകൾക്ക് പങ്കിട്ട് നൽകാൻ ആ അമ്മ മനം സന്നദ്ധയായി. ഇതിനെക്കുറിച്ച് അവർ കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

ഞാനും ഒരമ്മയാണ്

ഞാൻ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. രണ്ടാമത്തെ കുഞ്ഞിനെ മുലയൂട്ടുന്നുണ്ട്. ദുരന്തമുഖത്ത് അമ്മമാരെ നഷ്ടമായ കുഞ്ഞുങ്ങളുണ്ടെന്ന് വാർത്തകളിൽ കണ്ടിട്ടുണ്ടായിരുന്നു. നമ്മളെക്കൊണ്ട് വേറൊരു രീതിയിലും സഹായിക്കാനുള്ള മാർഗം ഇല്ല. ഒരു അമ്മ എന്ന നിലയ്ക്ക് എന്തുകൊണ്ട് മുലപ്പാൽ കൊടുത്തുകൂട എന്ന് ഞാൻ ചിന്തിച്ചു. ഭർത്താവ് സജിനോട് പറഞ്ഞപ്പോൾ സപ്പോർട്ട് തന്നു. വീട്ടിലും ആരും നെഗറ്റീവ് ആയി പറഞ്ഞില്ല. ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതിന്റെ ഒരിതേയുള്ളൂ. പിന്നെ ഭർത്താവിന്റെ കുടുംബം വയനാട്, കോഴിക്കോട് ഭാഗത്തുണ്ട്. ആ ഒരു ധൈര്യമുണ്ട്. അതുകൊണ്ട് തന്നെ എന്തായാലും മുന്നിട്ടിറങ്ങി. നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ തന്നെ അല്ലേ മറ്റ് കുഞ്ഞുങ്ങളും.

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വിളിച്ചു

ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ എന്റെ ഭാര്യ റെഡിയാണെന്ന് സജിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.ഇന്നലെ ക്യാമ്പിൽ നിന്ന് രണ്ട് പേർ വിളിച്ചു. ഇവിടെ കുഞ്ഞുങ്ങളുണ്ട്, എത്രയും പെട്ടെന്ന് എത്തിച്ചേരാമോ എന്ന് അവർ ചോദിച്ചു. അപ്പോൾ തന്നെ പുറപ്പെട്ടു. മക്കളും ഞങ്ങളുടെ കൂടെയുണ്ട്. എത്ര നാൾ നിൽക്കേണ്ടിവരുമെന്ന് അറിയില്ലല്ലോ. അതുകൊണ്ട് വസ്ത്രങ്ങളുമൊക്കെ കൂടുതൽ എടുത്തിട്ടുണ്ട്.

പ്രളയസമയത്തും സജിൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നുവെന്ന് ഭാവന പറയുന്നു. അദ്ദേഹം പിക്കപ്പ് ഡ്രൈവറാണ്. ഈ പിക്കപ്പിൽ തന്നെയാണ് വയനാട്ടിലേക്ക് പോയത്. സജിൻ യൂത്ത് കോൺഗ്രസ് നേതാവാണ്. ഭാവന വീട്ടമ്മയാണ്.