വിവാഹത്തിന് മുൻപ് കുട്ടികളുണ്ടാകുന്നത് അംഗീകരിക്കാൻ കഴിയാത്തവരാണ് നമ്മുടെ സമൂഹത്തിൽ കൂടുതലും. അവിവാഹിതനായ ഒരു റഷ്യക്കാന് 100 കുട്ടികൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ കേട്ടത് സത്യമാണ്. പവർ ദുറോവ് എന്ന 39കാരനാണ് 100 മക്കൾ ഉള്ളത്. 15.5 ബില്യൺ ഡോളർ (ഏകദേശം 1.2 ലക്ഷം കോടി രൂപ)ആസ്തിയുള്ള ഇയാൾ ഒരു ബിസിനസുകാരനാണ്.
റഷ്യൻ സോഷ്യൽ മീഡിയയായ വികെയുടെയും ടെലിഗ്രാമിന്റെയും സ്ഥാപകൻ കൂടിയാണ് ഈ യുവാവ്. പവർ ദുറോവ് അവിവാഹിതനാണ്. പക്ഷേ അദ്ദേഹം 100 കുട്ടികളുടെ പിതാവാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വിശദീകരിച്ചത്. താൻ ഒരു ബീജ ദാതാവാണെന്നും 12 രാജ്യങ്ങളിൽ നിന്നുള്ള നൂറോളം ദമ്പതികളെ താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
15വർഷം മുൻപ് തന്റെ ഒരു സുഹൃത്ത് ഈ ആവശ്യം അഭ്യാർത്ഥിച്ച് വന്നപ്പോഴാണ് ബീജം ദാനം ചെയ്യാൻ തുടങ്ങിയതെന്നും പവർ സൂചിപ്പിച്ചു. ഇത് ഒരു സാമൂഹിക സേവനമായാണ് പവർ കാണുന്നത്. ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ പവർ ബീജദാനം നിർത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന്റെ ശീതീകരിച്ച ബീജം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ചില രാഷ്ട്രീയ കാരണങ്ങളാൽ റഷ്യ വിട്ട അദ്ദേഹം ഇപ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സിലാണ് താമസിക്കുന്നത്.