arjun

ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം കിട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വ്യാജ സന്ദേശം പ്രചരിച്ചത്. അർജുന്റെ കൈയിലെ മോതിരം തിരിച്ചറി‌ഞ്ഞുവെന്നും ശബ്ദസന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു.

അർജുനെ കാണാതായി 17 ദിവസമായിരിക്കുകയാണ്. അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ലെന്ന് കാർവാർ എം.എൽ.എ സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിച്ച് തെരച്ചിൽ തുടരാനാണ് ശ്രമമെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ തൃശൂരിൽ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രഡ്‌ജർ കൊണ്ടുപോകില്ലെന്നാണ് ഇപ്പോൾ അധികൃതർ അറിയിക്കുന്നത്.

ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതലാണ്. ഡ്രഡ്‌ജർ പുഴയിലിറക്കാനാവില്ലെന്ന് കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്‌ടർമാർ അടങ്ങിയ സംഘം തൃശൂർ കലക്‌ടർക്ക് റിപ്പോർട്ട് നൽകി. പുഴയിലെ ഒഴുക്ക് നാല് നോട്‌സിൽ കൂടുതലാണങ്കിൽ ഡ്രഡ്‌ജർ ഇറക്കാൻ പ്രയാസമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് പേരാമ്പ്ര മലയിൽ ഇൻഡസ്ട്രീസ് ആണ് കേരള കാർഷിക സർവകലാശാലയ്ക്ക് അഗ്രോ ഡ്രഡ്‌ജ് ക്രാഫ്റ്റ് നിർമിച്ചുനൽകിയത്. കനാലുകളിലെയും തോടുകളിലെയും ചണ്ടി കോരിമാറ്റുന്നതിനാണ് ഇതുപയോഗിക്കുന്നത്. വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും. ആറുമീറ്റർവരെ ആഴത്തിൽ ഇരുമ്പ് തൂണുകൾ താഴ്‌ത്തി പ്രവ‌ർത്തിപ്പിക്കാനാവും. നിലവിൽ എൽതുരുത്തിലെ കനാലിൽ പോള നീക്കം ചെയ്യാൻ ഉപയോഗിക്കുകയാണ് അഗ്രോ ഡ്രഡ്‌ജ് ക്രാഫ്റ്റ്.