surya

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്ന കുടുംബങ്ങൾക്ക് കെെത്താങ്ങായി കൂടുതൽ താരങ്ങൾ രംഗത്ത്. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയിരിക്കുന്നത്. മുൻപ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

ഹൃദയം തകർന്നുപോകുന്നുവെന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനമുണ്ടെന്നും സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ദുരന്തവാർത്ത കണ്ടപ്പോൾ ഹൃദയം തകർന്നുപോയെന്നാണ് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക പറഞ്ഞു. രശ്മിക 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പ്രമുഖർ ധനസഹായം നൽകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

'ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി', - മുഖ്യമന്ത്രി പറഞ്ഞു.