കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച പ്രോജക്ടുകൾക്ക് കെ.ടി.യു അംഗീകാരം. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ എൻജിനീയറിംഗ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ നൽകുന്ന ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്‌കീമാണ് അർഹത നേടിയത്.
ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗങ്ങളിലെ അവസാന വർഷ വിദ്യാർത്ഥികൾ വികസിപ്പിച്ച സ്പീച്ച് എനേബിൾഡ് റൈറ്റിംഗ് മെഷീൻ, ക്ലീൻസിംഗ് റോവർ എന്നിവയ്ക്കാണ് അംഗീകാരം. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ .ആർ. നീതുരാജ്, പ്രോജക്ട് കോ ഓർഡിനേറ്റർ പ്രൊഫ. രേഷ്മ മോഹൻ, പ്രൊജക്ട് ഗൈഡ് പ്രൊഫ. ലക്ഷ്മി പി.ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികളായ എസ്. നിജിൻ, നിഖിൽ എസ്.പ്രസാദ്, ആർ.എ. രാഹുൽ കൃഷ്ണൻ, എസ്. തേജസ് എന്നിവർ അടങ്ങിയ സംഘമാണ് സ്പീച്ച് എനേബിൾഡ് റൈറ്റിംഗ് മെഷീൻ വികസിപ്പിച്ചത്. പറയുന്ന കാര്യങ്ങൾ എഴുതി നൽകുന്നതാണ് ഈ മെഷീൻ. മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. എൻ.കെ. മുഹമ്മദ് സാജിദ്, പ്രോജക്ട് ഗൈഡ് പ്രൊഫ. ടി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ, വിദ്യാർത്ഥികളായ ആദർശ് കൃഷ്ണ, അഖിൽജിത്ത് വി.കുമാർ, എസ്.എസ്. അമർനാഥ്, വൈ.ബി. അമർനാഥ് എന്നിവർ അടങ്ങിയ സംഘമാണ് ക്ലീൻസിംഗ് റോവർ വികസിപ്പിച്ചത്. ജലാശയങ്ങളിലും മറ്റും അടിഞ്ഞു കൂടിയ മാലിന്യങ്ങളും ജല സസ്യങ്ങളും മനുഷ്യ സഹായമില്ലാതെ ചെറിയ നീക്കം ചെയ്യുന്ന ഉപകരണമാണിത്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ശാലിജ്, ടാറ്റാ എലക്‌സി സെന്റർ മേധാവിയും ജി.ടെക് സെക്രട്ടറിയുമായ വി. ശ്രീകുമാർ, എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ്മ, വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, പി.ടി.എ രക്ഷാധികാരി എ. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു.