കൊച്ചി: വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായവുമായി മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും. മമ്മൂട്ടി ഇരുപത് ലക്ഷവും ദുൽഖർ പതിനഞ്ച് ലക്ഷവുമാണ് നൽകിയതെന്നാണ് വിവരം. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായി നൽകിയ തുക മന്ത്രി പി രാജീവാണ് ഏറ്റുവാങ്ങിയത്. ഇതുകൂടാതെ വയനാട്ടിലേക്കുള്ള ഏറണാകുളം ജില്ലാ ഭരണകൂടത്തിന്റെ യാത്ര മമ്മൂട്ടി ഫ്ലാഗ് ഒഫ് ചെയ്യുകയും ചെയ്തു.
അതേസമയം, ബിഗ് ബോസ് താരം അഭിഷേക് ശ്രീകുമാറും വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായവുമായെത്തിയിട്ടുണ്ട്. വയനാട് ജനതയ്ക്കായി അരിയും, ഉപ്പുമൊക്കെ അയക്കുകയാണ് അഭിഷേക്. ഇതിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സാധനങ്ങൾ കാറിലേക്ക് കയറ്റുന്നതൊക്കെയാണ് വീഡിയോയിലുള്ളത്. മലയാളി ആണെന്നതിൽ അഭിമാനമുണ്ടെന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"വയനാട്ടിലെ അവസ്ഥ വെച്ച് ഇത് ഒന്നുമാകില്ല എന്നറിയാം പക്ഷേ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു. ബിഗ് ബോസ് ഹൗസിൽ ആദ്യം എത്തിയപ്പോൾ കഞ്ഞി ഉപ്പില്ലാതെ കുടിച്ച ഓർമ എനിക്ക് ഉണ്ട്. വളരെ പാടാണ് അങ്ങനെ കുടിക്കാൻ. അതുകൊണ്ട് അരിയുടെ കൂടെ ഞാൻ ഉപ്പും വാങ്ങികൊടുക്കുന്നു. വരുന്ന വഴി പല കളക്ഷൻ സെന്ററുകൾ കണ്ടു. സന്തോഷം മലയാളികൾ ഒറ്റകെട്ടായി ജാതി , മതം , രാഷ്ട്രിയം എന്നതെല്ലാം മാറ്റിവെച്ച് മനുഷ്യനുവേണ്ടി ഇറങ്ങി, മലയാളിയാണെന്നതിൽ അഭിമാനം.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ സൂര്യയും കുടുംബവും അരക്കോടി രൂപയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പത്ത് ലക്ഷം നൽകുമെന്ന് നടി രശ്മിക മന്ദാനയും പ്രഖ്യാപിച്ചിട്ടുണ്ട്.