agriculture

നിസാര മുതൽമുടക്കിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് പുതിന കൃഷി. വലിയ അറിവൊന്നും ഇതിന് ആവശ്യമേ ഇല്ല. ഇടയ്ക്കിടെ അല്പം വളവും വെള്ളവും കൊടുത്താൽ മാത്രം മതി. സ്ഥലം ഇല്ലെന്ന സ്ഥിരം പരാതിയും പുതിന കൃഷിക്ക് മുന്നിൽ മാറിനിൽക്കും. ചട്ടിക്കും ഗ്രോബാഗിനും പുറമേ ഉണങ്ങിയ അടയ്ക്കാമരത്തിൽപ്പോലും കൃഷിചെയ്യാനുമാവും.

എവിടെയായാലും നല്ല വിളവ് ഉറപ്പ്. കീട നാശിനികൾ ഉപയോഗിക്കാത്തതിനാൽ നമ്മുടെ നാട്ടിൽ കൃഷിചെയ്യുന്ന പുതിന ഇലകൾക്ക് ആവശ്യക്കാർ ഏറെയാണ്. വിപണിയിൽ തീരെ മോശമല്ലാത്ത വിലയും കിട്ടും. വിദേശത്തുൾപ്പടെ ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. അതിനാൽ തന്നെ വിപണിയെക്കുറിച്ചുള്ള വേവലാതിവേണ്ട. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചാണ് കൃഷിയെങ്കിൽ മികച്ച വില കിട്ടില്ല. തമിഴ്‌നാട്ടിലും മറ്റുചില സംസ്ഥാനങ്ങളിലും പുതിന വ്യാപകമായി കൃഷിചെയ്യുന്നുണ്ട്.

പ്രധാനമായും ഭക്ഷണസാധനങ്ങളിൽ മണവും രുചിയും ലഭിക്കുന്നതിനാണ് പുതിന ഇല ഉപയോഗിക്കുന്നത്. ബിരിയാണി പോലുളളവതിൽ പുതിന ഇല മസ്റ്റാണ്. മിഠായി, ടൂത്ത്‌പേസ്റ്റുകൾ, മൗത്ത് വാഷ്, മൗത്ത് ഫ്രഷ്നർ , ച്യുയിംഗം തുടങ്ങിയവയിലൊക്കെ പുതിയ ഓയിൽ ഉണ്ടെങ്കിലേ പറ്റൂ. .

കൃഷിയിലേക്ക്

പച്ചക്കറി കടയിൽ നിന്നും മറ്റും വാങ്ങുന്ന പുതിന തണ്ട് ഉപയോഗിച്ചുതന്നെ കൃഷിചെയ്യാം. മറ്റുകൃഷികൾക്ക് നടീൽ വസ്തുക്കൾ സംഘടിപ്പിക്കാൻ നല്ലൊരു തുക ചെലവാകുമ്പോഴാണ് നിസാര തുക മുടക്കി പുതിന കൃഷിയിറക്കാനാവുന്നത്. നടാനായി ആരോഗ്യമുള്ള തണ്ടുകൾ തന്നെ തിരഞ്ഞെടുക്കണം. വാടിയതോ മുറിച്ചെടുത്തിട്ട് അധിക ദിവസമായതോ നടാൻ എടുക്കാതിരിക്കുന്നതാണ് നല്ലത്. അധികം വെയിലില്ലാത്ത സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.

നടാനായി മാറ്റിയ തണ്ടുകളിൽ നിന്ന് വലിയ ഇലകൾ നുള്ളികളയണം. ചാണകപ്പൊടി ഉൾപ്പടെയുള്ള ജൈവ വളങ്ങൾ ചേർത്ത് കിളച്ചൊരുക്കിയ മണ്ണിലാണ് പുതിന നടേണ്ടത്. മണ്ണിൽ ചെറിയ ചാലുകീറി അതിൽ നിശ്ചിത അകലത്തിൽ തണ്ടുകൾ വച്ചശേഷം മുകളിൽ അല്പം മണ്ണിട്ടുകൊടുത്താൽ മതി. ആവശ്യത്തിന് നനയ്ക്കാനും മറക്കരുത്. ദിവസങ്ങൾക്കകം പുതിന കാടുപോലെ വളർന്ന് പന്തലിക്കും.

ഇടയ്ക്കിടെ വളം നൽകാനും മറക്കരുത്. ചാണക വെള്ളത്തിന്റെ തെളിയും ഗോമൂത്രം നേർപ്പിച്ചതും പുതിനയ്ക്ക് ഏറെ മികച്ചതാണ്. ഇവ രണ്ടാഴ്ചയിലൊരിക്കലാണ് നൽകേണ്ടത്. ഇടയ്ക്കിടെ തുമ്പുകൾ വെട്ടുന്നത് പുതിന ബുഷിയായി വളരുന്നതിനും കൂടുതൽ തണ്ടുകൾ ഉണ്ടാവുന്നതിനും ഇടയാക്കും. പുഴുശല്യം, തണ്ടുചീയൽ എന്നിവ ഉണ്ടായാൽ ജൈവ കീടനാശിനി പ്രയോഗത്തിലൂടെ അതിൽ നിന്ന് മോചനം നേടാനാവും.

തീരെ സ്ഥലം ഇല്ലാത്തവർക്ക് ഉണങ്ങിയ അടയ്ക്കാമരത്തിലും പുതിന കൃഷിചെയ്യാം. അടയ്ക്കാമരം നെടുവേ പിളർന്നശേഷം ഉള്ളിലുള്ള ചോറ് മാറ്റുക. തുടർന്ന് ആ ഭാഗത്ത് മണ്ണ് നിറയ്ക്കുക. മണ്ണ് വശങ്ങളിലൂടെ താഴേക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഒന്നുരണ്ടു ദിവസം നനച്ചശേഷം ഇതിൽ പുതിനത്തണ്ട് നടാവുന്നതാണ്. വീട്ടിൽ സൗകര്യമായ ഒരു സ്ഥലത്ത് ഇത് തൂക്കിയിടുകയും ചെയ്യാം.

ഇതിനൊന്നും സ്ഥലമില്ലാത്തവർക്ക് ഇൻഡോർ പ്ളാന്റായും നട്ടുവളർത്താം. വീട്ടിനുള്ളിൽ പച്ചപ്പും സുഗന്ധവും നിറയ്ക്കും എന്നതിനൊപ്പം വായുവിന്റെ ഗുണനിലവാരം കൂട്ടുകയും ചെയ്യും.