fahadh-faasil

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി നടൻ ഫഹദ് ഫാസിലും നടി നസ്രിസ നസീമും. ഫഹദിന്റെയും നസ്രിയയുടെയും നിർമാണക്കമ്പനിയായ ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്‌സ് വഴി 25 ലക്ഷം രൂപയാണ് സംഭാവന നൽകിയത്.

മലയാളം, തമിഴ് സിനിമാമേഖലയിൽ നിന്ന് നിരവധി താരങ്ങൾ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നുണ്ട്. നടൻ മമ്മൂട്ടി 20 ലക്ഷവും ദുൽഖർ സൽമാൻ 15 ലക്ഷവും സംഭാവന നൽകി. തമിഴ് താരങ്ങളായ സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ സംഭാവന നൽകി. മുൻപ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

താരങ്ങൾക്കുപുറമെ വ്യവസായ പ്രമുഖരും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.