surya-

വയനാട്ടിൽ ദുരന്തം അനുഭവിക്കുന്നവർക്ക് ആശ്വാസമേകി താരങ്ങളുടെ കൈത്താങ്ങ്.മമ്മൂട്ടി ആദ്യ ഘട്ടമായി 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഫഹദ് ഫാസിൽ 25 ലക്ഷവും ദുൽഖർ സൽമാൻ 15 ലക്ഷവും കൈമാറി.

സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ സംഭാവന നൽകി. തെന്നിന്ത്യൻ താരം രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.ഹൃദയം തകർന്നു പോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. ഉരുൾ പൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാ പ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിത ബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനം മാത്രം. സമൂഹ മാദ്ധ്യമത്തിൽ സൂര്യ കുറിച്ചു. ചിയാൻ വിക്രം കഴിഞ്ഞ ദിവസം 20 ലക്ഷം രൂപ സംഭാവന നൽകി. വിക്രമിന്റെ കേരള ഫാൻസ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ വിവരം ഒൗദ്യോഗികമായി അറിയിച്ചത്. താരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും കൈത്താങ്ങാകുന്നു.