കൊച്ചി: മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി യു.കെയിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ട് മുഖ്യ പലിശ നിരക്ക് കാൽ ശതമാനം കുറച്ച് അഞ്ച് ശതമാനമാക്കി. നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതോടെയാണ് പതിനേഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് പലിശയിൽ കുറവ് വരുത്തിയത്. ബോർഡിൽ നടന്ന വോട്ടെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്.
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവും അടുത്ത ദിവസങ്ങളിൽ മുഖ്യ പലിശ കുറച്ചേക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ ബാങ്ക് ഒഫ് ജപ്പാൻ കഴിഞ്ഞ ദിവസം മുഖ്യ പലിശ നിരക്ക് ഉയർത്തിയിരുന്നു.