ഒരു സാദാ ഗ്രാമീണ സ്കൂളിലെ അധ്യാപകനായിരുന്നു എന്റെ അച്ഛൻ. സ്കൂളിൽ പഠിക്കുന്ന സമയത്ത് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയായി ഏതെങ്കിലും ഒരു കായിക ഇനം തിരഞ്ഞെടുക്കണമായിരുന്നു. ഞാൻ വേറൊന്നും ചിന്തിക്കാതെ ഷൂട്ടിംഗ് സ്പോർട്സ് തിരഞ്ഞെടുത്തപ്പോൾ അച്ഛൻ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്നെ ഒരു ഷൂട്ടിംഗ് താരമാക്കി മാറ്റിയെടുക്കുന്നതിന് അച്ഛൻ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ പിന്നീട് ഞാൻ മനസിലാക്കി. പലപ്പോഴും ബാങ്കിൽ നിന്നും മറ്റും ലോണുകൾ എടുത്താണ് അച്ഛൻ എനിക്ക് വെടിയുണ്ടകൾ വാങ്ങിത്തന്നത്. മികച്ച നിലവാരമുള്ള തോക്കുകൾ വാങ്ങാൻ പലപ്പോഴും പണം തികഞ്ഞിരുന്നില്ല. അച്ഛന്റെ ആ കഷ്ടപ്പാടുകളാണ് എന്നെ ഈ നിലയിലേക്ക് എത്തിച്ചത്. - പാരീസിൽ വെങ്കലമെഡൽ വെടിവെച്ചിട്ട സ്വപ്നിൽ കുശാലെ എന്ന 28കാരന്റെ വാക്കുകളാണിത്.
മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ കമ്പൽവാഡി ഗ്രാമത്തിൽ 1995 ഓഗസ്റ്റ് ആറിനാണ് സ്വപ്നിൽ ജനിച്ചത്. 2009ൽ മഹാരാഷ്ട്ര സർക്കാരിന്റെ ക്രീഡാ പ്രബോധിനി കായിക സ്കീമിൽ പിതാവ് സ്വപ്നിലിനെ ചേർത്തതാണ് വഴിത്തിരിവായത്. ആദ്യ ഒരുവർഷം ഫിറ്റ്നസ് ട്രെയിനിംഗ് മാത്രമായിരുന്നു. അടുത്തവർഷം ഏതെങ്കിലും ഒരു കായിക ഇനത്തിലേക്ക് മാറണമായിരുന്നു. അപ്പോഴാണ് സ്വപ്നിൽ ഷൂട്ടിംഗ് തിരഞ്ഞെടുത്തത്. ഷൂട്ടിംഗിൽ മികവ്കാട്ടിയതോടെ അച്ഛന്റെ സാമ്പത്തിക ബുദ്ധിമുട്ടും വർദ്ധിച്ചു. അന്ന് ഒരു വെടിയുണ്ടയ്ക്ക് 125 രൂപയോളമായിരുന്നു ചെലവെന്ന് സ്വപ്നിൽ ഓർക്കുന്നു. '' ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയൊരു തുകയായിരുന്നു. അതുകൊണ്ടുതന്നെ പരിശീലനത്തിന് ഓരോ വെടിയുണ്ടയും സൂക്ഷിച്ചുമാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ""- സ്വപ്നിൽ പറയുന്നു.
കൗമാര കാലത്തുതന്നെ ഷൂട്ടിംഗിൽ മികവ് കാട്ടിയതിനെത്തുടർന്ന് ലക്ഷ്യ എന്ന കായിക സന്നദ്ധസംഘടന സ്പോൺസർഷിപ്പുമായി എത്തിയതായിരുന്നു സ്വപ്നിലിന്റെ സ്വപ്നങ്ങൾ പൂവണിയാൻ വഴിയൊരുക്കിയത്. 2015ൽ കുവൈറ്റിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ സ്വർണമെഡൽ നേടിയതോടെ റെയിൽവേയിൽ ടിക്കറ്റ് കളക്ടറായി ജോലി ലഭിച്ചത് കുടുംബത്തിന് ആശ്വാസമായി. ഇതേവർഷം ഡൽഹിയിൽ നടന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഒളിമ്പിക് മെഡലിസ്റ്റും തന്റെ മാനസഗുരുവുമായ ഗഗൻ നാരംഗിനെയും ചെയിൻ സിംഗിനെയും അട്ടിമറിച്ച് റൈഫിൾ പ്രോൺ ഇവന്റിൽ സ്വർണം നേടി. 2017ൽ തിരുവനന്തപുരം വട്ടിയൂർക്കാവ് അന്താരാഷ്ട്ര ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ത്രീ പൊസിഷനിലെ സ്വർണം സ്വപ്നിലായിരുന്നു.
2021ൽ ഡൽഹിയിൽ നടന്ന ലോകകപ്പിൽ സ്വപ്നിൽ സ്വർണം നേടിയിരുന്നു. 2022ൽ കെയ്റോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് പാരീസ് ഒളിമ്പിക്സിന് ക്വാട്ട ബർത്ത് ലഭിക്കാൻ കാരണം. കഴിഞ്ഞ വർഷം ഹ്വാംഗ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഐശ്വരി പ്രതാപ് സിംഗ് ടോമർ, അഖിൽ ഷിയോറൻ എന്നിവർക്കൊപ്പം ലോക റെക്കാഡോടെ സ്വപ്നിൽ സ്വർണം നേടിയിരുന്നു. ഒളിമ്പിക് ക്വാട്ട ബർത്ത് നേടിയത് സ്വപ്നിൽ ആയിരുന്നെങ്കിലും കഴിഞ്ഞ മേയ് മാസം ഡൽഹിയിലും ഭോപ്പാലിലും നടന്ന ട്രയൽസുകൾക്ക് ശേഷമാണ് സ്വപ്നിലിനെ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പടുത്തിയത്. പല ഘട്ടങ്ങളിലായി നടന്ന ട്രയൽസിന്റെ ഫൈനലിൽ അഞ്ചാം സ്ഥാനത്താണ് സ്വപ്നിലിന് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. എന്നാൽ ആദ്യ ഘട്ടങ്ങളിലെ മികച്ച പ്രകടനം വിലയിരുത്തി ഒളിമ്പിക്സിനായി സെലക്ട് ചെയ്യുകയായിരുന്നു. ആ തീരുമാനമാണ് പാരീസിൽ വിജയം കണ്ടത്.