olympics

ഷൂട്ടർ സ്വപ്നിൽ കുശാലെയ്ക്ക് ഒളിമ്പിക്സ് വെങ്കലം

50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലെ ആദ്യ ഇന്ത്യൻ ഒളിമ്പിക് മെഡലിസ്റ്റ്

പാരീസ് : പാരീസിൽ ഇന്ത്യൻ തോക്കുകൾ മെഡൽ ഗർജനം തുടരുകയാണ്. വ്യക്തിഗത ഇനത്തിലും മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗിനൊപ്പവും മനു ഭാക്കർ വെങ്കലമെഡലുകൾ നേടിയതിന് പിന്നാലെ മൂന്നാമതൊരു വെങ്കലം കൂടി ഇന്ത്യയുടെ അക്കൗണ്ടിലെത്തിച്ചത് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ മത്സരത്തിൽ മഹാരാഷ്ട്രക്കാരനായ സ്വപ്നിൽ കുശാലെയാണ്. യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനക്കാരനായി ഫൈനലിലെത്തിയ സ്വപ്നിൽ 451.4 പോയിന്റുകൾ നേടിയാണ് വെങ്കലം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പൊരുതിയ ചെക് റിപ്പബ്ളിക്കിന്റെ ജിറി പ്രിവ്രാർക്സിയെ നാലാമതാക്കിയാണ് സ്വപ്നിൽ മെഡലിലേക്ക് എത്തിയത്. ചൈനയുടെ യുകുൻ ലിയു 463.6 പോയിന്റോടെ സ്വർണവും യുക്രെയ്ന്റെ സെർഹി കുലിഷ് 461.3 പോയിന്റോടെ വെള്ളിയും നേടി.

യോഗ്യതാ റൗണ്ടിൽ ഏഴാമനായി ഫൈനലിലേക്ക് എത്തിയ സ്വപനിൽ കുശാലെ അപ്രതീക്ഷിതമായാണ് വെങ്കല മെഡലിലേക്ക് ഉയർന്നത്. ഒളിമ്പിക്സിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഫൈനലിൽ മത്സരിക്കാൻ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു സ്വപ്നിൽ. മത്സരത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളായ നീലിംഗ്, പ്രോൺ പൊസിഷനുകൾ കഴിഞ്ഞപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ അവസാന ഘട്ടമായ സ്റ്റാൻഡിംഗ് പൊസിഷനിൽ നടത്തിയ മികച്ച പ്രകടനമാണ് മെഡലിലേക്കുള്ള വഴിതുറന്നത്. സ്റ്റാൻഡിംഗ് പൊസിഷൻ തുടങ്ങുന്നതിന് മുമ്പ് 310.1 പോയിന്റാണ് സ്വപ്നിലിനുണ്ടായിരുന്നത്. സ്റ്റാൻഡിംഗ് പൊസിഷനിൽ ആദ്യം നാലാം സ്ഥാനത്തേക്ക് ഉയർന്ന സ്വപ്നിൽ ഇടയ്ക്ക് രണ്ടാം സ്ഥാനത്തുവരെയെത്തിയശേഷം മൂന്നാമതായി ഫിനിഷ് ചെയ്യുകയായിരുന്നു.

44 ഷൂട്ടർമാരാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഇവരിൽ നിന്ന് എട്ടുപേരാണ് ഫൈനലിലേക്ക് എത്തിയത്. 38 ഇന്നർ ടെൻ പോയിന്റ് ഷോട്ടുകൾ അടക്കം 590 പോയിന്റാണ് മൂന്ന് പൊസിഷനുകളിൽ നിന്നുമായി സ്വപ്നിൽ നേടിയത്. നീലിംഗ് പൊസിഷനിൽ 198 (99+99), പ്രോൺ പൊസിഷനിൽ 197(98+99) , സ്റ്റാൻഡിംഗ് പൊസിഷനിൽ 195(98+97) എന്നിങ്ങനെയായിരുന്നു സ്വപ്നിലിന്റെ സ്കോറിംഗ്. ആകെ 594 പോയിന്റ് നേടിയ ചൈനീസ് താരം ലിയു യുകിനാണ് ഒന്നാം സ്ഥാനത്ത്. ഈയിനത്തിൽ സ്വപ്നിലിനൊപ്പം മത്സരിച്ച ഐശ്വരിക്ക് 589 പോയിന്റുകളേ നേട‌ായുള്ളൂ.11-ാം സ്ഥാനത്താണ് ഐശ്വരി ഫിനിഷ് ചെയ്തത്.

3

ഒരു ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ മൂന്ന് മെഡലുകൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ ലഭിച്ചിരുന്നു. വിജയകുമാർ വെള്ളിയും ഗഗൻ നാരംഗ് വെങ്കലവുമാണ് അന്ന് നേടിയത്.

7

ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ നിന്ന് മാത്രം ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏഴാം മെഡലാണിത്. 2004ൽ ​​​രാ​​​ജ്യ​​​വ​​​ർ​​​ദ്ധ​​​ൻ​​​ ​​​സിം​​​ഗ് ​​​നേ​​​ടി​​​യ​​​ ​​​വെ​​​ള്ളി​​​യാ​​​ണ് ​​​ആ​​​ദ്യ​​​ ​​​മെ​​​ഡ​​​ൽ.​​​ 2008​​​ൽ​​​ ​​​അ​​​ഭി​​​ന​​​വ് ​​​ബി​​​ന്ദ്ര ​​​സ്വ​​​ർ​​​ണം​​​ ​​​നേ​​​ടി.​​​ 2012​​​ൽ​​​ ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ​​​ ​​​വെ​​​ള്ളി​​​യും​​​ ​​​ഗ​​​ഗ​​​ൻ​​​ ​​​നാ​​​രം​​​ഗ് ​​​വെ​​​ങ്ക​​​ല​​​വും​​​ ​​​നേ​​​ടി.​ ഇക്കുറി മനു വ്യക്തിഗത ഇനത്തിലും മിക്സഡ് ഡബിൾസിൽ സരബ്ജോതിനൊപ്പവും വെങ്കലം നേടി.

50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ

പേര് സൂചിപ്പിക്കുന്നതുപോലെ മൂന്ന് പൊസിഷനുകളിൽ റൈഫിൾ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് മത്സരം. മുട്ടുകുത്തിനിന്ന് (നീലിംഗ്), കമിഴ്ന്നു കിടന്ന് ( പ്രോൺ), നിന്ന് ( സ്റ്റാൻഡിംഗ്) എന്നിങ്ങനെയാണ് മൂന്ന് പൊസിഷനുകൾ. ഓരോ പൊസിഷനിലും കൃത്യതയോടെ ലക്ഷ്യത്തിൽ കൊള്ളിക്കുന്നതിന് അനുസരിച്ചാണ് പോയിന്റ്. മൂന്നു പൊസിഷനുകളിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർ വിജയികളാവും.

എന്റെ ശ്വാസമെടുപ്പ് നിയന്ത്രിക്കുന്നതിലാണ് ശ്രദ്ധിച്ചത്. മത്സരത്തിനിടെ സ്കോർ ബോർഡിലേക്ക് ശ്രദ്ധിച്ചതേയില്ല.

- സ്വപ്നിൽ കുശാലെ

സ്വപ്നിലിന്റെ മെഡൽ നേട്ടം ശരിക്കും ത്രില്ലടിപ്പിച്ചു. വർഷങ്ങളായുള്ള പരിശ്രമമവും ഷൂട്ടിംഗിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അവനെ ഈ മെഡലിലേക്ക് എത്തിച്ചത്.

- അഭിനവ് ബിന്ദ്ര