p

വാഷിംഗ്ടൺ: കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള വെർച്വൽ വോട്ടിംഗിന് തുടക്കം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ആരംഭിച്ച വോട്ടിംഗ് ചൊവ്വാഴ്ച പുലർച്ചെ 1.30ന് അവസാനിക്കും.

കമലയ്ക്ക് പാർട്ടിയിൽ എതിർ സ്ഥാനാർത്ഥികളില്ല എന്നതിനാൽ ഔദ്യോഗിക നോമിനേഷൻ ഉറപ്പിച്ചു. 3,900ത്തിലേറെ ഡെലിഗേറ്റുകളിൽ 1,976 പേരുടെ പിന്തുണയാണ് കമലയ്ക്ക് വേണ്ടത്. 99 ശതമാനം ഡെലിഗേറ്റുകളുടെയും പിന്തുണ കമലയ്ക്കുണ്ട്. നോമിനേഷൻ ലഭിക്കുന്നതോടെ യു.എസ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കറുത്ത വംശജ, ഇന്ത്യൻ വംശജ തുടങ്ങിയ റെക്കാഡുകളും കമലയ്ക്ക് സ്വന്തമാകും. ജൂലായ് 21ന് പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് വൈസ് പ്രസിഡന്റ് കമലയ്ക്ക് സ്ഥാനാർത്ഥിത്വത്തിനുള്ള നറുക്ക് വീണത്. മുതിർന്ന നേതാക്കൾ പിന്തുണച്ചതും ഗുണമായി.

വൈസ് പ്രസിഡന്റ് നോമിനി

കമലയുടെ വൈസ് പ്രസിഡന്റ് നോമിനിയെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കും. ചൊവ്വാഴ്ച പെൻസിൽവേനിയയിലെ പ്രചാരണ പരിപാടിയിൽ കമലയ്ക്കൊപ്പം വൈസ് പ്രസിഡന്റ് നോമിനിയും എത്തും. പെൻസിൽവേനിയ ഗവർണർ ജോഷ് ഷാപിറോയ്ക്കാണ് സാദ്ധ്യത. മിനസോട്ട ഗവർണർ ടിം വാൽസ്, അരിസോണ സെന​റ്റർ മാർക്ക് കെല്ലി തുടങ്ങിയവരുടെ പേരുകളും കേൾക്കുന്നു.

ഇന്ത്യക്കാരിയോ കറുത്ത

വംശജയോ: ട്രംപ്

കമല ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ (ബ്ലാക്ക്) എന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്.

'കമല എന്നും ഇന്ത്യൻ പൈതൃകത്തെയാണ് ഉയർത്തിക്കാട്ടിയത്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ കറുത്ത വംശജയായി മാറി. കമല കറുത്ത വംശജയാണെന്ന് തനിക്ക് അതുവരെ അറിയില്ലായിരുന്നു. ഇപ്പോൾ കറുത്ത വംശജയെന്ന് അറിയപ്പെടാനാണ് അവരുടെ താത്പര്യം. അതുകൊണ്ട് അവർ ഇന്ത്യനാണോ കറുത്ത വംശജയാണോ എന്ന് എനിക്കറിയില്ല. ഞാൻ രണ്ടിനെയും ബഹുമാനിക്കുന്നു. അവർ അങ്ങനെയല്ല. കാരണം എല്ലായിടത്തും ഇന്ത്യക്കാരിയായിരുന്ന അവർ പെട്ടെന്ന് മാറി, കറുത്ത വംശജയായി. "-ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമ‌ർശം ഭിന്നിപ്പും അനാദരവും പ്രകടമാക്കുന്നതാണെന്ന് കമല പ്രതികരിച്ചു.

ബൈഡനേക്കാൾ മോശം സ്ഥാനാർത്ഥിയാണ് കമലയെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. കമലയുടെ അമ്മ ഇന്ത്യൻ വംശജയും അച്ഛൻ ജമൈക്കൻ വംശജനുമാണ്.