മുംബയ്: ഒരു ദിവസം ട്രെയിന്‍ സര്‍വീസ് നടത്തിയില്ലെങ്കില്‍ മുംബയ് നഗരം നിശ്ചലമാകുമെന്ന് പറയാറുണ്ട്. ഇന്ത്യന്‍ റെയില്‍വേയും നിത്യജീവിതവും ഇത്രയേറെ ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു പട്ടണമില്ല ഇന്ത്യയില്‍. സബര്‍ബന്‍ ട്രെയിനുകളാണ് മുംബയ് നഗരത്തിന്റെ ജീവനാഡി. ഇപ്പോഴിതാ വ്യാവസായിക തലസ്ഥാനത്ത് സബര്‍ബന്‍ റെയില്‍ നെറ്റ്‌വര്‍ക്കുകള്‍ നവീകരിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. ഇതിനായി വലിയ പദ്ധതി തന്നെ ആവിഷ്‌കരിച്ചുകഴിഞ്ഞു റെയില്‍വേ മന്ത്രാലയം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 250 പുതിയ സബര്‍ബന്‍ സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഇതിന് വേണ്ടി നിലവിലെ റെയില്‍ ശൃംഖലയില്‍ സമ്പൂര്‍ണ നവീകരണം പ്രാബല്യത്തിലാക്കും. മുംബയ് മഹാനഗരത്തില്‍ സബര്‍ബന്‍ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെര്‍മിനലുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിനുകളുടെ 'ക്രോസ് മൂവ്മെന്റ്' കുറയ്ക്കുന്നതിന് സബര്‍ബന്‍ നെറ്റ്വര്‍ക്ക് പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ റെയില്‍വേ ഉദ്ദേശിക്കുന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള ദൂരം നിലവിലെ 180 സെക്കന്‍ഡില്‍ നിന്ന് 150 സെക്കന്‍ഡായി കുറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യ നടപ്പാക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നതായും മന്ത്രി പറഞ്ഞു. 75 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന മുംബയിലെ സബര്‍ബന്‍ റെയില്‍ സംവിധാനം പ്രതിദിനം 3,200 സര്‍വീസുകളാണ് നിലവില്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. നവി മുംബൈയിലെ പന്‍വേല്‍-കലാംബോലിയില്‍ ഒരു പുതിയ കോച്ചിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നുണ്ട്, ഇത് ദീര്‍ഘദൂര ട്രെയിനുകളുടെ ടെര്‍മിനലായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.