അറുപതിനും എൺപതിനുമിടയ്ക്ക് പ്രായപരിധിയിലുള്ള മുതിർന്ന പൗരന്മാർ, 80 വയസിനു മേലുള്ള അധികം മുതിർന്ന പൗരന്മാർ എന്നിങ്ങനെയുള്ള വർഗീകരണത്തിലൂടെ ആദായ നികുതിയുടെ പഴയ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു. ഓൾഡ് സ്കീമിൽ തുടരുകയാണെങ്കിൽ ഇപ്പോഴും ഈ ആനുകൂല്യങ്ങൾ നേടാനുമാകും. അതേസമയം, പുതിയ സ്കീമിലേക്കു മാറിയാൽ തത്ത്വത്തിൽ 60 വയസിനു താഴെയുള്ള നികുതി ദായകർക്കും, 60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന നികുതിദായകർക്കും പുതിയ സ്കീമിൽ നികുതി നിരക്കുകളും സ്റ്റാൻഡേർഡ് ഡിഡക്ഷൻ എന്ന ഇളവും ഒരേ തോതിലാണ് അനുവദിക്കുന്നത്. ഫാമിലി പെൻഷൻ ഇനത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 15,000 രൂപയെന്നത് 25,000 രൂപയായി ഉയർത്തിയതും സ്വകാര്യ മേഖലയിലുള്ള പെൻഷൻ വരുമാനക്കാർക്ക് നാഷണൽ പെൻഷൻ സ്കീമിലെ ഇളവ് തൊഴിലുടമ അടച്ച വിഹിതത്തിലെ 10 ശതമാനം എന്നത് 14 ശതമാനമായി ഉയർത്തിയതും മാത്രമാണ് പ്രത്യേകമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ. എന്നാൽ, പഴയ സ്കീമിൽ തുടർന്നാൽ മുമ്പുകാലം മുതൽ ലഭ്യമായ ഇളവുകൾ ലഭിക്കും.
പട്ടിക രണ്ടിൽ മുതിർന്ന പൗരന്മാരായ നികുതിദായകർക്ക് വാർഷിക വരുമാനം പെൻഷൻ, സ്ഥിര നിക്ഷേപങ്ങളിലെ പലിശ തുടങ്ങിയ ഇനങ്ങളിൽ നിന്നു ലഭിക്കുന്നത് ഏഴുലക്ഷം, പത്തു ലക്ഷം, പതിനഞ്ച് ലക്ഷം, ഇരുപതു ലക്ഷം എന്നീ നാലു നിലകളിൽ ആണെങ്കിൽ പുതിയ സ്കീമിൽ ആദായനികുതി ബാദ്ധ്യത നാലു ശതമാനം സെസ് ഉൾപ്പെടെ എത്ര വരുമെന്ന് മനസിലാക്കാം. ഇതിനെ അടിസ്ഥാനമാക്കി പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്ന നികുതി നിരക്കുകൾ പ്രകാരം പഴയ സ്കീമിലെ നികുതി ബാദ്ധ്യത എത്രയെന്ന് വിവിധ ഇനങ്ങളിലെ വ്യവസ്ഥാപിതമായ ഇളവുകൾ പ്രയോജനപ്പെടുത്തി കുറച്ചുകൊണ്ടുവരാനാകും എന്നും ചിന്തിക്കുക.
ഇതിനായി ഭവന വായ്പാ പലിശയിനത്തിൽ ലഭിക്കുന്ന ആനുകൂല്യം ഭവന നിർമ്മാണ വർഷത്തെ അടിസ്ഥാനമാക്കി 1,50,000 രൂപയും 2,00,000 രൂപയും വരെ നികുതി ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കിക്കിട്ടും. കൂടാതെ, പബ്ളിക് പ്രോവിഡന്റ് ഫണ്ട്, എൽ.ഐ.സി ആന്യുറ്റി പ്രീമിയം തുടങ്ങിയ ഇനങ്ങളിലെ 1,50,000 രൂപ വരെ നികുതിയിളവിന് പരിഗണിക്കും. മെഡിക്കൽ ഇൻഷ്വറൻസ് പോളിസി പ്രീമിയം മുതിർന്ന പൗരന്മാർ സ്വന്തം പോളിസിയിൽ 50,000 രൂപ വരെയും, ആശ്രിതരായ മുതിർന്ന പൗരന്മാരുടെ പേരിലുള്ള പോളിസിയിൽ അധികം 50,000 രൂപ വരെയും ഇളവുണ്ട്. മറ്റൊരു പ്രധാന ഇളവാണ് അംഗീകൃത സ്ഥിരം നിക്ഷേപങ്ങളിലെ പലിശയിനത്തിൽ ലഭിക്കുന്ന 50,000 രൂപയുടെ ആനുകൂല്യം. ഇനിയുമുണ്ട് വ്യക്തിഗതമായി ലഭിക്കുന്ന മറ്റ് ഇളവുകൾ.
പട്ടിക ഒന്ന് - മുതിർന്ന പൗരന്മാർക്ക് പുതിയ സ്കീമിലും പഴയ സ്കീമിലും ബാധകമായ നികുതി നിരക്കുകൾ
വരുമാനം - നിരക്ക് - വരുമാനം - നിരക്കുകൾ
പുതിയ സ്കീം - പഴയ സ്കീം
3,00,000 വരെ - ഇല്ല - 3,00,000 വരെ - ഇല്ല
3,00,000 - 7,00,000 - 5 % - 3,00,000 - 5,00,000 - 5 %
7,00,000 - 10,00,000 - 10 % - 5,00,000 - 10,00, 000 - 20 %
10,00,000 - 12,00,000 - 15 % - 10,00,000 മേൽ - 30 %
12,00,000 - 15,00,000 - 20 %
15,00,000 മേൽ - 30 %
കുറിപ്പ് : 80 വയസ്സിനു മേൽ പ്രായമുള്ള അധികം മുതിർന്ന പൗരന്മാർക്ക് പഴയ സ്കീമിൽ നികുതി നൽകേണ്ടതില്ല. അഞ്ചുലക്ഷത്തിലധികമുള്ള വരുമാനത്തിന് പട്ടികയിൽ പറഞ്ഞിരിക്കുന്നവിധം 20 %, 30 % നിരക്കുകളിൽ നികുതി നൽകണം.
പട്ടിക രണ്ട്: പുതിയ നികുതി നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള മുതിർന്ന പൗരന്മാർക്ക് ബാധകമായ നികുതി ബാദ്ധ്യത - സാമ്പത്തിക വർഷം 2024 - 25
വരുമാനം (രൂപ) - സ്റ്റാൻഡേർഡ് ഡിഡക്ഷൻ - നികുതി ബാദ്ധ്യത ഉള്ള തുക - നികുത്തിത്തുക (സെസ്സടക്കം)
7,00,000 - 75,000 - 6,25,000 - ഇല്ല
10,00,000 - 75,000 - 9.25,000 - 44,200
15,00,000 - 75,000 - 14,25,000 - 1,30,000
20,00,000 - 75,000 - 19,25,000 - 2,78,200
കുറിപ്പ് : 60 വയസിനു താഴെയുള്ളവർക്കും, 60 വയസിനു മേലെയുള്ളവർക്കും പുതിയ സ്കീമിൽ നികുതി ബാദ്ധ്യത ഒരേ നിരക്കുകളിൽ തന്നെയാണ് കണക്കാക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
പട്ടിക രണ്ടിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ നികുതി ബാദ്ധ്യത കുറയ്ക്കുവാൻ വ്യക്തിഗത ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി, പഴയ സ്കീമിൽ തുടരണോ എന്ന സുചിന്തിതമായ തീരുമാനമാണ് മുതിർന്ന പൗരന്മാരായ നികുതിദായകർ ഓരോരുത്തരും ഈ ഘട്ടത്തിൽ എടുക്കേണ്ടത്. അതിന് സഹായകമായ ഏകദേശ വിവരങ്ങൾ പൊതുവേ ബാധകമായതാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ആവശ്യമെങ്കിൽ വിദഗ്ദ്ധോപദേശം തേടി കൃത്യമായ തീരുമാനം എടുക്കുക.