പാരീസ് : പുരുഷ ഹോക്കിയിലെ പൂൾ ബി മത്സരത്തിൽ ലോക ഒന്നാം നമ്പർ ടീമും നിലവിലെ ഒളിമ്പിക് ചാമ്പ്യൻമാരുമായ ബെൽജിയത്തോട് തുടക്കത്തിൽ ലീഡെടുത്ത ശേഷം തോൽവി വഴങ്ങി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി.
18-ാം മിനിട്ടിൽ അഭിഷേകിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാൽ 33-ാം മിനിട്ടിൽ തിബേയു സ്റ്റോക്ബ്രോക്സും 44-ാം മിനിട്ടിൽ ജോൺ ജോൺ ഡോമനും നേടിയ ഗോളുകളിലൂടെ ബെൽജിയം ജയമുറപ്പിക്കുകയായിരുന്നു. തുടക്കം മുതൽ ബെൽജിയം ഇന്ത്യൻ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നെങ്കിലും മലയാളി ഗോളി പി.ആർ ശ്രീജേഷിന്റെ മികവ് ആദ്യ ക്വാർട്ടറിൽ ഇന്ത്യയെ ഗോൾ വഴങ്ങാതെ കാത്തു. തോറ്റെങ്കിലും ന്യൂസിലൻഡിനെതിരെയും അയർലൻഡിനെതിരെയും നേടിയ വിജയങ്ങളും അർജന്റീനയ്ക്ക് എതിരായ സമനിലയും ഇന്ത്യയ്ക്ക് ക്വാർട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പിൽ കളിച്ച 4 മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള ബെൽജിയം നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഓസ്ട്രേലിയ, അർജന്റീന ടീമുകളും ക്വാർട്ടർ യോഗ്യത ഉറപ്പാക്കിയപ്പോൾ ഇതുവരെയുള്ള എല്ലാമത്സരങ്ങളും തോറ്റ അയർലാൻഡും ന്യൂസിലാൻഡും പുറത്തായി.
ഇന്ന് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ നിലവിലെ ഒളിമ്പിക് റണ്ണറപ്പുകളായ ഓസ്ട്രേലിയയെ നേരിടും.