മോഹമുടഞ്ഞ് പി.വി സിന്ധു
സിന്ധുവിനെ പ്രീ ക്വാർട്ടറിൽ ഹി ബിംഗ് ജിയാവോ തോൽപ്പിച്ചു
പാരീസ് : ആൾ ഇന്ത്യൻ പ്രീ ക്വാർട്ടർ ഫൈനലിൽ മലയാളി താരം എച്ച്.എസ് പ്രണോയ്‌യെ മറികടന്ന് ലക്ഷ്യ സെൻ പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തിയപ്പോൾ തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും മെഡൽ നേടാമെന്ന വനിതാ താരം പി.വി സിന്ധുവിന്റെ മോഹം തകർന്നു . ഇന്നലെ പ്രീ ക്വാർട്ടറിൽ ചൈനീസ് താരം ഹി ബിംഗ് ജിയാവോ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ : 21-19,21-14.
ഫോമിലുംഫിറ്റ്നസിലും മുന്നിൽ നിന്ന ലക്ഷ്യ നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയ്‌യെ കീഴടക്കിയത്. സ്കോർ : 21-12,21-6.
39 മിനിട്ട് മാത്രമാണ് പ്രണോയ്‌യെ മറികടക്കാൻ ലക്ഷ്യയ്ക്ക് വേണ്ടിവന്നത്. ആദ്യ ഗെയിമിൽ മാത്രമാണ് പ്രണോയ്‌യ്ക്ക് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. എന്നാൽ റാങ്കിംഗിലും പ്രായത്തിലും തന്നേക്കാൾ പിന്നിലുള്ള ലക്ഷ്യയുടെ ചുറുചുറുക്കിന് മുന്നിൽ രണ്ടാം ഗെയിമിൽ 13-ാം റാങ്കുകാരനായ പ്രണോയ് തീർത്തും അപ്രസക്തനായി. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ വിയറ്റ്നാം താരം ലീ ഡുക് ഫാറ്റിനെ മൂന്ന് ഗെയിംനീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് പ്രണോയ് പ്രീ ക്വാർട്ടറിലെത്തിയത്. 16-21,21-11,21-12 എന്ന സ്കോറിനാണ് പ്രണോയ് ഇന്നലെ കീഴടക്കിയത്. ലോക റാങ്കിംഗിലെ നാലാം സ്ഥാനക്കാരനായ ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളിൽ അട്ടിമറിച്ചാണ് 22-ാം റാങ്കുകാരനായ ലക്ഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയ് താരം ടിയെൻ ചെൻ ചൗവാണ് ലക്ഷ്യയുടെ എതിരാളി. പ്രീ ക്വാർട്ടറിൽ ജപ്പാന്റെ കൊഡായ് നരോക്കയെ 21-12,21-16നാണ് ചൗ തോൽപ്പിച്ചത്.
സാ -ചി സഖ്യം
പാരീസിന് പുറത്ത്
ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്നലെ ഏറ്റവും വലിയ തിരിച്ചടിയായത് പുരുഷ ഡബിൾസിലെ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന്റെ പുറത്താകലാണ്. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിൽ മലേഷ്യൻ സഖ്യമായ ആരോൺ ചിയയും സോ വൂയി യിക്കും ചേർന്നാണ് ഇന്ത്യൻ സഖ്യത്തെ പുറത്താക്കിയത്. ആദ്യ ഗെയിം നേടി മത്സരത്തിൽ ലഭിച്ച ആധിപത്യം കൈവിട്ടുകളഞ്ഞാണ് സാ -ചി സഖ്യം മടങ്ങിയത്. സ്കോർ : 21-13,14-21,16-21.
ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്ന , ഏഷ്യൻ ഗെയിംസിലെയും കോമൺവെൽത്ത് ഗെയിംസിലെയും സ്വർണമെഡൽ ജേതാക്കളായിരുന്ന സാത്വിക് - ചിരാഗ് സഖ്യം പാരീസിൽ മെഡൽ നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ആരാധകരുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് ഇന്നലെ ക്വാർട്ടർ ഫൈനലിൽ കണ്ടത്. ഇതിന് മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും തോൽപ്പിക്കാൻ കഴിഞ്ഞിരുന്ന മലേഷ്യൻ സഖ്യത്തിനെതിരെ ഇന്നലെ അമിതമായ ആത്മവിശ്വാസമാണ് ഇന്ത്യൻ താരങ്ങൾക്ക് വിനയായത്.