cmdrf
ഫോട്ടോ: കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്ന നഹ്യാന്‍

മലപ്പുറം: വയനാട് ചൂരല്‍മലയില്‍ ഉരുള്‍ പൊട്ടലില്‍ നിരവധി പേര്‍ മരിക്കാന്‍ ഇടയായ സ്ഥലത്തേക്ക് ഒരു കുഞ്ഞു സഹായം എത്തുകയാണ്. മലപ്പുറം തേഞ്ഞിപ്പാലം നിരോല്‍പാലം ഒമ്പതാം വാര്‍ഡിലെ കോഴിതൊടിയില്‍ ഹനീഫ - സൈഫുന്നീസ ദമ്പതികളുടെ മകന്‍, നാലുമക്കളില്‍ ഇളയവനായ നഹ്യാന്‍ എന്ന ഏഴ് വയസ്സുകാരന്‍ എഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നേരത്തെ യു കെജിയില്‍ പഠിക്കുന്ന സമയത്ത് ഉമ്മയോട് തനിക്ക് ഒരു ഗിയര്‍ സൈക്കിള്‍ വാങ്ങിത്തരുമോ എന്ന് ചോദിച്ചിരുന്നു. ഉമ്മയും ഉപ്പയും അന്ന് പറഞ്ഞത് വലിയ കുട്ടി ആകുമ്പോള്‍ വാങ്ങിത്തരാം എന്നായിരുന്നു.

ഇപ്പോള്‍ നിനക്ക് കിട്ടുന്ന പൈസ ഒരു കുടുക്കയില്‍ ഇട്ട് വെച്ചോ എന്ന് ഉമ്മ നഹ്യാനോട് പറയുകയും ചെയ്തു. പിന്നീട് ഉമ്മ തന്നെ മകന് ഒരു കുടുക്ക വാങ്ങി നല്‍കുകയും ചെയ്തു. ഇതില്‍ താന്‍ സ്വരൂപിച്ച പണമാണ് എല്ലാം നഷ്ടമായവരുടെ ജീവിതം വീണ്ടെടുക്കുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നഹ്യാന്‍ സംഭാവന ചെയ്തിരിക്കുന്നത്. ചാനല്‍ വാര്‍ത്തകളില്‍ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിലെ അനുഭവങ്ങള്‍ കണ്ടാണ് സമ്പാദ്യം മുഴുവന്‍ നല്‍കണമെന്ന് കുട്ടി രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്.

മകന്‍ ഇത്തരത്തില്‍ ഒരു ആവശ്യം പറഞ്ഞപ്പോള്‍ മാതാവും പിതാവും അത് സന്തോഷത്തോടെ സമ്മതിക്കുകയും മകന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാമെന്ന് ഉറപ്പ് കൊടുക്കുയും ചെയ്തു. തുടര്‍ന്ന് കുടുക്ക പൊട്ടിച്ച ശേഷം അതില്‍ ശേഖരിച്ചിരുന്ന 3140/- രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തു.വാര്‍ഡ് മെമ്പര്‍ പി.എം നിഷാബിനെ വിളിച്ചു അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചക്ക് തിരുരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ കെ ജി പ്രന്‍സിന് ഓഫിസില്‍ വെച്ച് തുക കൈമാറുകയും ചെയ്തു.

പിന്നീട് തഹസില്‍ദാര്‍ നഹ്യാനെ ചേര്‍ത്തു പിടിക്കുകയും സമ്മാനമായി ചോക്ലേറ്റ് വാങ്ങി നല്‍കിയുമാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്. ചടങ്ങില്‍ എല്‍ ആര്‍ തഹസില്‍ദാര്‍ എന്‍ മോഹനന്‍ , ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.ബി പ്രീതി, എസ് ഷാഹിര്‍ഖാന്‍, ഇ.എം ജ്യോതി, തേഞ്ഞിപ്പലം ഒമ്പതാം വാര്‍ഡ് മെമ്പര്‍ പി.എം നിഷാബ്, എം.വി റഷീദ്, ഷിഹാബ്, നജീബ് തുടങ്ങിയവര്‍ സന്നിതരായിരുന്നു