olympics

പാരീസ് : ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക് ഒളിമ്പിക് വനിതാ സിംഗിൾസ് ടെന്നിസിന്റെ സെമി ഫൈനലിൽ പുറത്തായി. ചൈനയുടെ ഷെംഗ് ക്വിൻ വെന്നാണ് ഇഗയെ റൊളാംഗ് ഗാരോസിൽ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചത്. സ്കോർ : 6-2,7-5. ഫ്രഞ്ച് ഓപ്പൺ വേദിയായ ഇവിടെ ഇഗയുടെ 2021ന് ശേഷമുള്ള ആദ്യ തോൽവിയാണിത്. തുടർച്ചയായ 25 മത്സരങ്ങൾക്കും മൂന്ന് ഫ്രഞ്ച് ഓപ്പൺ കിരീ‌ടങ്ങൾക്കും ശേഷമാണ് പോളണ്ടുകാരിയായ ഇഗ റൊളാംഗ് ഗാരോസിൽ തോൽക്കുന്നത്. ഒളിമ്പിക്സിന്റെ ഫൈനലിലെത്തുന്ന ആദ്യ ചൈനീസ് താരമാണ് ഷെംഗ് ക്വിൻ വെൻ. ഇഗ ഇനി വെങ്കലത്തിനായി മത്സരിക്കാനിറങ്ങും.