p

ടെൽ അവീവ്: മാസ് തലവൻ ഇസ്‌മയിൽ ഹനിയേയെ വധിച്ചതിന് പ്രതികാരമായി ഇസ്രയേലിനെ കൂട്ടത്തോടെ വളഞ്ഞാക്രമിക്കാൻ പദ്ധതിയിട്ട് ഇറാനും നിഴൽ ഗ്രൂപ്പുകളും. ഇസ്രയേലിനെ ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടു. ഹനിയേയെ വധിച്ചതിന് പിന്നാലെ ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചതും സംഘർഷത്തിന് എരിവേകി. ജൂലായ് 13ന് ഖാൻ യൂനിസിന് പടിഞ്ഞാറുള്ള അൽ - മവാസിയിലുണ്ടായ ആക്രമണത്തിലാണ് ദെയ്ഫിനെ വധിച്ചത്. ഇയാൾക്ക് ഗുരുതര പരിക്കേറ്റെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ 71 പാലസ്തീനികളും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി, ഇറാക്കിലെയും സിറിയയിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുടെ പ്രതിനിധികളുമായി ഇറാൻ ഉദ്യോഗസ്ഥർ ഇന്നലെ ചർച്ച നടത്തി. ഇസ്രയേലിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് യു.എസും പ്രഖ്യാപിച്ചു.

ബുധനാഴ്ച ഇറാനിലെ ടെഹ്റാനിലെ ആക്രമണത്തിലാണ് ഹനിയേയെ ഇസ്രയേൽ വധിച്ചത്. ഏതാനും മണിക്കൂറുകൾ മുമ്പ് ലെബനനിൽ ഹിസ്ബുള്ള കമാൻഡർ ഫൗദ് ഷുക്റിനെയും വധിച്ചു. ഹനിയേയുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ടെഹ്‌റാനിൽ നടന്നു. ഖമനേയി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഖത്തറിലെ ദോഹയിൽ സംസ്കരിക്കും. കഴിഞ്ഞ ഏപ്രിലിൽ സിറിയയിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തത് ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിന് വഴിവച്ചിരുന്നു. ഇറാന്റെ 2 ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടു. പ്രതികാരമായി ഇറാൻ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചെങ്കിലും 99 ശതമാനവും ഇസ്രയേൽ തകർത്തു.

 ആക്രമണ സാദ്ധ്യത

 ഇറാനും നിഴൽ ഗ്രൂപ്പുകളും എല്ലാ ഭാഗത്ത് നിന്നും മിസൈലുകൾ തൊടുത്ത് ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കിയേക്കും

 ലെബനൻ അതിർത്തിയിൽ നിന്ന് ഡ്രോൺ ആക്രമണത്തിന് സാദ്ധ്യത

 ആണവ കേന്ദ്രങ്ങളെയോ പ്രതിരോധ ഉദ്യോഗസ്ഥരെയോ ഉന്നമിട്ടേക്കാം

 ഏത് ആക്രമണത്തെയും നേരിടാൻ രാജ്യം സജ്ജം.

ബെഞ്ചമിൻ നെതന്യാഹു, ഇസ്രയേൽ പ്രധാനമന്ത്രി

 ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ലെബനനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. ലെബനനിലുള്ള പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ബെയ്റൂട്ടിലെ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.

 ഗാസയിലെ ബിൻലാദൻ

ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദെയ്ഫ് 'ഗാസയിലെ ഒസാമ ബിൻലാദൻ" എന്നാണ് അറിയപ്പെട്ടിരുന്നത്. ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാൾ. ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ

ഏഴ് വധശ്രമങ്ങളെ അതിജീവിച്ചു. ബോംബ് നിർമ്മാണ വിദഗ്ദ്ധനായ ഇയാൾ നിരവധി ഇസ്രയേലികളെ ചാവേർ ആക്രമണങ്ങളിൽ കൊലപ്പെടുത്തി.

 കൊന്നത് ബോംബ് ?

ഇസ്മയിൽ ഹനിയേ കൊല്ലപ്പെട്ടത് മിസൈൽ ആക്രമണത്തിൽ അല്ലെന്നും മറിച്ച് റിമോട്ട് - കൺട്രോൾഡ് ബോംബ് പൊട്ടിത്തെറിച്ചാണെന്നും അമേരിക്കൻ മാദ്ധ്യമം. ഹനിയേ കഴിഞ്ഞ വസതിയിൽ രണ്ട് മാസം മുമ്പേ ബോംബ് രഹസ്യമായി സ്ഥിപിച്ചെന്ന് പറയുന്നു. ഇറാൻ റെവലൂഷനറി ഗാർഡിന്റേതാണ് കെട്ടിടം. ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ മൊസാദിലേക്കാണ് ഇറാൻ ഉദ്യോഗസ്ഥർ വിരൽചൂണ്ടുന്നത്.