kerala-blasters
ഫോട്ടോ: facebook.com/thedurandcup

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പില്‍ ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. കഴിഞ്ഞ സീസണിലെ സൂപ്പര്‍ ലീഗ് ജേതാക്കളായ മുംബയ് സിറ്റി എഫ്‌സിയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. പുതിയ പരിശീലകന്‍ മിഖായേല്‍ സ്റ്റോറെയുടെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ കളിച്ച ആദ്യ മത്സരമാണ് കൊല്‍ക്കത്തയിലെ കിഷോര്‍ ക്രിരംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. പുതിയ താരങ്ങളും പഴയ താരങ്ങളും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്തു.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പരിക്കിന് ശേഷം തിരിച്ചെത്തിയ ക്വാമി പെപ്ര, ഈ സീസണിലെ സൈനിംഗ് ആയ മൊറോക്കന്‍ താരം നോഹ സദൂയി എന്നിവര്‍ ഹാട്രിക് നേടിയപ്പോള്‍ ഇന്ത്യന്‍ താരം ഇഷാന്‍ പണ്ഡിത ഇരട്ട ഗോള്‍ നേടിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ 3-0ന് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. 31ാം മിനിറ്റില്‍ സദൂയി ആണ് ആദ്യ ഗോള്‍ നേടിയത്. 38ാം മിനിറ്റിലും 44ാം മിനിറ്റിലും ഗോളുകള്‍ നേടി പെപ്ര ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി.

രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ നോഹ സദൂയി നാലാം ഗോള്‍ നേടി. 52ാം മിനിറ്റില്‍ പെപ്ര ടീമിന് വേണ്ടി അഞ്ചാമതും പന്ത് വലയിലെത്തിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി. 75ാം മിനിറ്റില്‍ ആറാം ഗോള്‍ വീണപ്പോള്‍ സദൂയി തന്റെ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് കുറിച്ചു. എന്നാല്‍ അവിടെയും തീര്‍ന്നില്ല ബ്ലാസ്‌റ്റേഴ്സിന്റെ ഗോള്‍ വേട്ട. 86ാം മിനിറ്റിലും തൊട്ടടുത്ത മിനിറ്റിലും ഇഷാന്‍ പണ്ഡിത വല കുലുക്കിയതോടെ മുംബയ് അടിയറവ് പൂര്‍ത്തിയായി. കപ്പ് നേടുകയെന്ന ഉദ്ദേശത്തോടെ ഡ്യുറന്‍ഡ് കപ്പില്‍ ഫുള്‍ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് രംഗത്തിറക്കിയിരിക്കുന്നത്.