case-diary-

തിരുവനന്തപുരം: ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പേരൂർക്കട സ്വദേശിയായ 30കാരന് 65 വർഷം കഠിന തടവും 60,000 പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി. പിഴത്തുക ഒടുക്കിയില്ലെങ്കിൽ പ്രതി എട്ട് മാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ. രേഖയാണ് രാഹുൽ എന്ന പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.


2023 ഏപ്രിലിലായിരുന്നു സംഭവം. . പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ ബാലികയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.പീഡന വിവരം പുറത്തുപറഞ്ഞാൽ അടിക്കുമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ പേടിപ്പിച്ചിരുന്നു. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി നിരന്തരം കരഞ്ഞുകൊണ്ടിരുന്നെങ്കിലും പ്രതിയെ പേടിച്ച് പീഡന വിവരം പുറത്തുപറഞ്ഞില്ല. ഇതിനു ശേഷം കുട്ടി അമ്മയ്ക്കൊപ്പം അവരുടെ ഓഫീസിലെത്തിയതിനെ തുടർന്ന് സഹപ്രവർത്തകയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പരിക്കേറ്റത് കണ്ടെത്തിയത്. പിന്നീട് പേരൂർക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു

പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകിയാൽ മാത്രമേ അത് സമൂഹത്തിന് നല്ല സന്ദേശമാകൂയെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ മോഹൻ ഹാജരായി. പ്രതി പിഴത്തുക ഒടുക്കിയാൽ അത് കുട്ടിക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. ഇരകൾക്കുളള നഷ്ടപരിഹാര നിധിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു