പാരീസ്: 2016ല്‍ റിയോ ഡി ജനേറോയിലും 2021ല്‍ ടോക്കിയോയിലും രാജ്യത്തിനായി മെഡല്‍ നേടി പി.വി സിന്ധുവിന് പാരീസില്‍ മെഡല്‍ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. പാരീസില്‍ പ്രീക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹെ ബിംഗ് ജിയാവോയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ താരം പരാജയപ്പെട്ടു, സ്‌കോര്‍: 19-21, 14-21. റിയോയില്‍ വെള്ളി മെഡലും ടോക്കിയോയില്‍ വെങ്കല മെഡലും നേടിയ താരമാണ് സിന്ധു. ഇത്തവണയും മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും റൗണ്ട് ഓഫ് 16ല്‍ കാലിടറി.
മത്സരത്തിന്റെ തുടക്കം മുതല്‍ സിന്ധുവിന് കടുത്ത വെല്ലുവിളിയാണ് ചൈനീസ് താരം ഉയര്‍ത്തിയത്. ഹെ ബിംഗ് ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു ടോക്കിയോയില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ചൈനീസ് താരത്തെ സംബന്ധിച്ച് സിന്ധുവിനോടുള്ള പകവീട്ടല്‍ കൂടിയായി പാരീസിലെ ഒളിമ്പിക്‌സ് വേദി. 2012ല്‍ സൈന നെഹ് വാളും ഇന്ത്യക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. 1992ലെ ബാഴ്‌സലോണ ഗെയിംസ് മുതലാണ് ബാഡ്മിന്റണ്‍ ഒളിമ്പിക്‌സിന്റെ ഭാഗമായിത്തുടങ്ങിയത്.
പുരുഷ ഡബിള്‍സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്ചിരാഗ് സഖ്യത്തിന്റെ ക്വാര്‍ട്ടറിലെ തോല്‍വിയും ഇന്ത്യയ്ക്ക് വേദനയായി. ലോക റാങ്കിങ്ങില്‍ ഏഴാമതുള്ള മലേഷ്യയുടെ ആരോണ്‍ ചിയ സോ വൂയി യിക് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 13-21, 21-14, 21-16. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ പര്‌സ്പരം ഏറ്റുമുട്ടിയ പ്രീക്വാര്‍ട്ടരില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തി ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ കടന്നു.