p

ജക്കാർത്ത: 'മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് " എന്ന ചോദ്യത്തിന്റെ ഉത്തരം പറയാത്തതിന് സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്. ഇൻഡോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിൽ ജൂലായ് 24നായിരുന്നു സംഭവം.

പ്രതിയുടെ പേര് ഡി.ആർ എന്നാണെന്നും ഇയാൾ മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. കാദിർ മാർക്കസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഡി.ആർ മദ്യപിക്കാൻ മാർക്കസിനെയും ക്ഷണിച്ചിരുന്നു. മദ്യപാനത്തിനിടെ 'മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് " എന്ന് ഡി.ആർ മാർക്കസിനോട് ചോദിച്ചു.

ഇത് ഇരുവരും തമ്മിലെ തർക്കത്തിന് വഴിമാറി. തർക്കം മതിയാക്കി പോകാൻ മാർക്കസ് ശ്രമിച്ചെങ്കിലും ഡി.ആർ അനുവദിച്ചില്ല. ഒടുവിൽ ഡി.ആറിനെ ധിക്കരിച്ച് മാർക്കസ് വീട്ടിലേക്ക് പുറപ്പെട്ടു.

കുപിതനായ ഡി.ആർ കൈയ്യിലുണ്ടായിരുന്ന കത്തിയുമെടുത്ത് മാർക്കസിനെ പിന്തുടരുകയും റോഡിൽ വച്ച് ആക്രമിക്കുകയുമായിരുന്നു. നിരവധി തവണ കുത്തേറ്റ മാർക്കസിനെ പ്രദേശവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തെക്കൻ സുലവേസിയിലെ തീരദേശ ഗോത്രവർഗ്ഗങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന 'ബാദിക്ക്" എന്ന കത്തിയാണ് ഡി.ആർ ആക്രമണത്തിന് ഉപയോഗിച്ചത്. കൊലക്കുറ്റം ചുമത്തി അറസ്റ്റിലായ പ്രതി നിലവിൽ റിമാൻഡിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

സമാന കൊലപാതകങ്ങൾ ഇതിന് മുമ്പും ഇൻഡോനേഷ്യയിൽ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിന്റെ പേരിൽ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നിരുന്നു.