wayanad-landslide

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് മാത്രം 172 മൃതദേഹങ്ങൾ കിട്ടി. ഇതിൽ 153 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ട്. നൂറുകണക്കിനാളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.


ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ആറ് മേഖലകളാക്കി വേർതിരിച്ചാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. അട്ടമല - ആറൻമല എന്നിവടങ്ങളാണ് ആദ്യ സോണിലുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും രണ്ടും മൂന്നും സോണുകളിലാണ്. നാലാം സോൺ വെള്ളാർമല വില്ലേജ് റോഡാണ്. ജി വി എച്ച് എസ് എസ് വെള്ളാർമലയാണ് അഞ്ചാം സോൺ. ചൂരൽമലയുടെ അടിവാരമാണ് ആറാം സോൺ. ചൂരൽമലയിൽ കനത്ത മഴയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.

തെരച്ചിലിൽ പൊലീസ്, സൈന്യം, എൻഡിആർഫ്, കോസ്റ്റ്ഗാർഡ്, വനം നേവി സംഘങ്ങളും നാട്ടുകാരും പങ്കെടുക്കും. നാല് കഡാവർ നായകളെക്കൂടി എത്തിക്കും. ബെയ്‌ലി പാലം സജ്ജമായിട്ടുണ്ട്. മദ്രാസ് റെജിമെന്റിലെ എൻജിനിയറിംഗ് സംഘം വെറും നാൽപ്പത് മണിക്കൂർ കൊണ്ടാണ് പാലം പൂർത്തിയാക്കിയത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള രക്ഷാപ്രവർത്തനത്തിന് ഭാരമേറിയ യന്ത്രസാമഗ്രികളും ആംബുലൻസുകളും അടക്കമുള്ളവ ഇതുവഴി എത്തിക്കും. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് പാലം.

മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാദ്ധ്യതയില്ലെന്ന് കേരള കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജി.ഒ.സി) മേജർ ജനറൽ വി.ടി മാത്യു അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ വയനാട്ടിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.